കേദാര്‍നാഥ് തീര്‍ഥാടകര്‍ക്ക് കോളടിച്ചു; ഇനി 36 മിനിറ്റ് കൊണ്ട് എത്താം; റോപ് വേ പദ്ധതിക്ക് അനുമതി

കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് കോളടിച്ചു. മണിക്കൂറുകളോളമുള്ള യാത്രയ്ക്ക് ഇനി അന്ത്യമാകുന്നു. എട്ട്- ഒമ്പത് കിലോമീറ്റര്‍ വേണ്ടിയിരുന്ന യാത്രയ്ക്ക് ഇനി വെറും 36 മിനിറ്റ് മതി.

ദേശീയ റോപ് വേ വികസന പദ്ധതിയായ പര്‍വത് മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോന്‍പ്രയാഗ് മുതല്‍ കേദാര്‍നാഥ് വരെയുള്ള (12.9 കിലോമീറ്റര്‍) റോപ് വേ പദ്ധതി വികസിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതി പ്രായോഗികമാകുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് റോപ് വേ വികസിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) ആണ് റോപ്വേ പദ്ധതിയുടെ നിര്‍മാണത്തിന് അംഗീകാരം നല്‍കിയത്. ആകെ 4,081.28 കോടി രൂപ മൂലധനച്ചെലവില്‍ പദ്ധതി വികസിപ്പിക്കും.

സന്തുലിതമായ സാമൂഹ്യ-സാമ്പത്തിക വികസനം വളര്‍ത്തുന്നതിനും, മലയോര പ്രദേശങ്ങളില്‍ അങ്ങേയറ്റം വരെയും യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് റോപ് വേ പദ്ധതിയുടെ വികസനം.

കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് ഈ റോപ് വേ പദ്ധതി അനുഗ്രഹമാകുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി സൗഹൃദവും സുഖകരവും വേഗതയേറിയതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു ദിശയിലേക്കുള്ള യാത്രാസമയം ഏകദേശം 8-9 മണിക്കൂര്‍ എന്ന നിലയില്‍ നിന്ന് ഏകദേശം 36 മിനിറ്റായി കുറയുകയും ചെയ്യും.

റോപ് വേ പദ്ധതി നിര്‍മാണത്തിലും പ്രവര്‍ത്തനങ്ങളിലും അനുബന്ധ വിനോദസഞ്ചാര വ്യവസായങ്ങളായ അതിഥിസല്‍ക്കാരം, യാത്ര, ഭക്ഷണവും പാനീയങ്ങളും, വിനോദസഞ്ചാരം എന്നിവയില്‍ വര്‍ഷം മുഴുവനും ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി കഴിയും.

പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും മണിക്കൂറില്‍ 1800 യാത്രക്കാരെ ഒരു ദിശയിലേക്ക് കൊണ്ടുപോകാനും ശേഷിയുള്ള (PPHPD) ഏറ്റവും നൂതനമായ ട്രൈ-കേബിള്‍ ഡിറ്റാച്ചബിള്‍ ഗൊണ്ടോള (3എസ്) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് പദ്ധതി വികസിപ്പിക്കുന്നത്.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡില്‍നിന്ന് 16 കിലോ മീറ്റര്‍ കയറ്റം നിറഞ്ഞതാണ്. നിലവില്‍ കാല്‍നടയായോ കുതിരകള്‍, പല്ലക്കുകള്‍, ഹെലികോപ്റ്റര്‍ എന്നിവയയെ ആശ്രയിച്ചോ ആണ് ഇവിടേക്കുള്ള യാത്ര. ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനും സോന്‍പ്രയാഗിനും കേദാര്‍നാഥിനും ഇടയില്‍ എല്ലാ കാലാവസ്ഥയിലും യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമാണ് നിര്‍ദിഷ്ട റോപ് വേയുടെ ആസൂത്രണം.

Related Articles
Next Story
Share it