ബെംഗളൂരു-കൊച്ചി വന്ദേ ഭാരത് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു റൂട്ടുകള്‍ക്ക് ശേഷം കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസാണിത്

ബെംഗളൂരു: പുതിയ ബെംഗളൂരു - കൊച്ചി വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി. ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകും. റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ട്രെയിന്‍ നമ്പര്‍ 26651 കെ.എസ്.ആര്‍ ബെംഗളൂരു എറണാകുളം ജംഗ്ഷന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പുലര്‍ച്ചെ 5.10 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളം ജംഗ്ഷനില്‍ എത്തും.
മടക്ക സര്‍വീസ്, 26652 എറണാകുളം ജംഗ്ഷന്‍ കെ.എസ്.ആര്‍ ബെംഗളൂരു, ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ട്രെയിനിന് കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.
എത്രയും വേഗം സര്‍വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ സോണുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍, ഉദ്ഘാടന ട്രെയിന്‍ ഒരു പ്രത്യേക സര്‍വീസായി നടത്താവുന്നതാണ്, അത് പിന്നീട് അതത് ലിങ്ക് സ്വീകരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു റൂട്ടുകള്‍ക്ക് ശേഷം കേരളത്തിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസാണിത്.

