വയനാട്ടിലെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്ന്; സുന്ദര കാഴ്ചകളുമായി ബാണാസുര സാഗര്‍ അണക്കെട്ട്

വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്.

കേരളത്തിലെ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറെത്തറ എന്ന ഗ്രാമത്തില്‍ പശ്ചിമഘട്ടത്തില്‍ ആണ് ബാണാസുര സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ചെമ്പ്ര കഴിഞ്ഞാല്‍ വയനാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വ്വതമാണ് ബാണാസുരമല. മലനിരകളുടെ താഴ്വാരയില്‍ വ്യാപിച്ചു കിടക്കുന്ന നീലജലാശയമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്താനുള്ള ഉത്തമ സ്ഥലം കൂടിയാണിവിടം.

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. കബനി നദിയുടെ പോഷകനദികളിലൊന്നായ കരിമാന്‍തോട് എന്ന ചെറിയ നദിക്ക് കുറുകെ, ബാണാസുര കുന്നിന്റെ അടിവാരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1979 ല്‍ കക്കയം ജലവൈദ്യുത പദ്ധതി എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

ജലസേചനത്തിനും കുടിവെള്ളത്തിനുമുള്ള ആവശ്യം നിറവേറ്റുക എന്നതും പ്രധാനമാണ്. വേനല്‍ക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. വയനാട്ടിലെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നുമാണിത്. ചുറ്റുമുള്ള നിത്യഹരിത പര്‍വതങ്ങളാല്‍ സംരക്ഷിക്കപ്പെടുകയും ഉന്മേഷഭരിതമാവുകയും ചെയ്യുന്ന ഈ അണക്കെട്ടിന് വിശാലമായ ഒരു വൃഷ്ടിപ്രദേശമുണ്ട്. സ്പീഡ് ബോട്ട് / മോട്ടോര്‍ ബോട്ട് യാത്ര ആസ്വദിക്കാന്‍ ഇവിടെ ഒരുപാട് സ്ഥലം ഉണ്ട്. ഡാമില്‍ നിരവധി ചെറു ദ്വീപുകളും ഉണ്ട്. മുമ്പ് ആള്‍ത്താമസം ഉണ്ടായിരുന്ന ഇടങ്ങളായിരുന്നു ഇവിടെ. ഡാമിന് വശ്യ സൗന്ദര്യം നല്‍കുന്നതില്‍ അവയും ഒരു പങ്ക് വഹിക്കുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇവിടെ ഉണ്ട്. മഴക്കാലത്ത് ഇവിടുത്തെ പ്രകൃതി ഭംഗി കാണേണ്ടത് തന്നെയാണ്.

മഞ്ഞു മൂടിയ ബാണാസുര മലയാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് അതിമനോഹരമായ ദൃശ്യാനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതവും പൂമരങ്ങള്‍ നിറഞ്ഞ ഉദ്യാനവും സമാനതകളില്ലാത്ത കാഴ്ചയാണ്. ബാണസുരയിലെ തെളിനീരും ഇതിന് സമീപത്തുള്ള ചരിത്രസമാരകങ്ങളും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രകൃതിയുടെ ഹൃദയമാണ് വനം. ജീവന്റെ അദൃശമായ ഊര്‍ജ്ജസ്രോതസുകളുടെ പ്രഭവകേന്ദ്രം. മലനിരകള്‍ മുഖം നോക്കുന്ന ബാണാസുര സമുദ്രത്തില്‍ സുന്ദരമായ കാഴ്ചകളാണ് ഇതള്‍ വിരിയുന്നത്. പച്ചപ്പണിഞ്ഞ കൊച്ചു ദീപുകള്‍. അങ്ങനെ പോകുന്നു കാഴ്ചയുടെ പൂരം.

പുരാതന അസുര രാജാവായ ബാണന്‍ കുന്നിന്‍ മുകളില്‍ കഠിനമായ തപസ്സനുഷ്ഠിച്ചതിന്റെ പേരിലാണ് ബാണസുര കുന്നുകള്‍ എന്ന പേര് ലഭിക്കാന്‍ ഇടയായത്. മഹാബലി ചക്രവര്‍ത്തിയുടെ മകനായിരുന്നു ബാണ രാജാവ്. ഓണക്കാലത്ത് തന്റെ ജനങ്ങള്‍ സുരക്ഷിതരും സംതൃപ്തരുമായിരിക്കുന്നത് കാണാന്‍ കേരളത്തിലെ എല്ലാ വീടുകളും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ട്രെക്കിംഗ് അനുഭവത്തിനായി നിരവധി ആളുകള്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നു. മനോഹരമായ പര്‍വതനിരകള്‍ സാഹസികതയ്ക്കും ട്രെക്കിംഗിനും അനുയോജ്യമായ സ്ഥലമാക്കി ഇതിനെ മാറ്റുന്നു.



ബാണസുര സാഗര്‍ ഡാം പ്രവേശന ഫീസ്:

മുതിര്‍ന്നവര്‍: 40 രൂപ

വിദ്യാര്‍ത്ഥികള്‍/കുട്ടികള്‍: 20 രൂപ

ബാണസുര സാഗര്‍ വൃഷ്ടിപ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍

സിപ്ലൈന്‍ നിരക്കുകള്‍: 400 രൂപ

സ്പീഡ് ബോട്ടിംഗ്

റോ ബോട്ട്

ബാണസുര സാഗര്‍ ഡാം സമയം:

ബാണസുര സാഗര്‍ ഡാം തുറക്കുന്ന സമയം രാവിലെ 0830 ആണ്. രാവിലെ എത്തിയാല്‍ പരിപാടികള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ബാണാസുര അടയ്ക്കുന്ന സമയം വൈകുന്നേരം 5 മണി. എന്നിരുന്നാലും, വൈകുന്നേരത്തെ കാഴ്ച ആസ്വദിക്കാനും പരിപാടികള്‍ ആസ്വദിക്കാനും വൈകുന്നേരം 4 മണിക്ക് മുമ്പ് എത്തിച്ചേരുന്നതാണ് നല്ലത്.

ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപമുള്ള സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:

കര്‍ലാഡ് തടാകം, മീന്‍മുട്ടി വെള്ളച്ചാട്ടം, കുറുമ്പലക്കോട്ട, വൈത്തിരി പാര്‍ക്ക്, പൂക്കോട് തടാകം, തേയില ഫാക്ടറി എന്നിവ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപമുള്ള ചില കാഴ്ചാ സ്ഥലങ്ങളാണ്

ബാണാസുര അണക്കെട്ടില്‍ എങ്ങനെ എത്തിച്ചേരാം?

വായു മാര്‍ഗ്ഗം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമാണ് വയനാട്ടിലേക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 90 കിലോമീറ്ററാണ് ദൂരം. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും സന്ദര്‍ശകര്‍ക്ക് കോഴിക്കോട്ടേക്ക് എത്തിച്ചേരാം. വിമാനത്താവളത്തില്‍ കല്‍പറ്റയിലേക്ക് ടാക്‌സികള്‍ ലഭ്യമാണ്. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

വയനാട്ടിലേക്കുള്ള ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനാണ് കോഴിക്കോട്. കോഴിക്കോട് പ്രധാന നഗരങ്ങളുമായി ട്രെയിന്‍ വഴി ബന്ധപ്പെട്ടിരിക്കുന്നു. കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് ടാക്‌സിയിലോ ബസിലോ കല്‍പറ്റയിലേക്ക് യാത്ര ചെയ്യാം. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്.

റോഡ് മാര്‍ഗ്ഗം

എല്ലാ നഗരങ്ങളില്‍ നിന്നും കല്‍പ്പറ്റയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാം. അടുത്തുള്ള നഗരങ്ങളില്‍ നിന്ന് കല്‍പറ്റയിലേയ്ക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. കല്‍പ്പറ്റ മുതല്‍ കോഴിക്കോട് വരെ (75 കെ.എം.), മൈസൂര്‍ (150 കിലോമീറ്റര്‍), ബാംഗ്ലൂര്‍ (290 കിലോമീറ്റര്‍), കൊച്ചി (250 കിലോമീറ്റര്‍), ഗുടലൂര്‍ (70 കിമീ), ഊട്ടി (125 കി.മീ) എന്നിവയാണ്. കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ബാണാസുര സാഗര്‍ അണക്കെട്ട്.



Related Articles
Next Story
Share it