ഇനി ഈസിയായി പറക്കാം: ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ

ഇവിടം സന്ദര്‍ശിക്കാന്‍ വിസ വേണ്ട എന്നതും യാത്രക്കാരെ ആകര്‍ഷിക്കുന്നു

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ഡല്‍ഹിയില്‍ നിന്നും മനിലയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. ഫിലിപ്പീന്‍സിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ നേരിട്ടുള്ള വിമാന സര്‍വീസ് ആണ് എയര്‍ ഇന്ത്യ ആരംഭിച്ചത്. ഇന്ത്യ-ഫിലിപ്പീന്‍സ് വ്യോമയാന മേഖലയിലെ ഒരു പുതിയ നാഴികക്കല്ലിനാണ് ഇതോടെ തുടക്കമായത്. ഒക്ടോബര്‍ ഒന്നിനാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന വിമാനം ഫിലിപ്പീന്‍സിലേക്ക് പറന്നത്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ത്യയിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ ജോസല്‍ എഫ്. ഇഗ്‌നേഷ്യോയും ഫിലിപ്പീന്‍സ് എംബസിയിലെ മന്ത്രിയും കോണ്‍സല്‍ ജനറലുമായ മരിയ സിന്തിയ പി. പെലായോയും ചേര്‍ന്ന് ലോഞ്ച് ഉദ്ഘാടനം ചെയ്തു. എയര്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഹെഡ് - ഗവണ്‍മെന്റ്, റിസ്‌ക്, കംപ്ലയന്‍സ് & കോര്‍പ്പറേറ്റ് അഫയേഴ്സ്, പി. ബാലാജി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മനില സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ച് തവണ തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഇവിടം സന്ദര്‍ശിക്കാന്‍ വിസ വേണ്ട എന്നതും പ്രധാന സവിശേഷതയാണ്.

തെക്കുകിഴക്കന്‍ ഏഷ്യന്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നു

മനിലയില്‍ കൂടി സര്‍വീസ് ആരംഭിച്ചതോടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ സേവനം വ്യാപിപ്പിക്കുന്നത്. നേരത്തെ ഇത് ഏഴായിരുന്നു. ഇന്ത്യയ്ക്കും ഫിലിപ്പീന്‍സിനും ഇടയില്‍ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും ഡല്‍ഹി വഴിയുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഈ സര്‍വീസിന്റെ ലക്ഷ്യം.

എയര്‍ബസ് A321LR വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുന്നത്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി എന്നിങ്ങനെ മൂന്ന് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷന്‍ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായും ഫ് ളാറ്റ് ബെഡുകള്‍ ലഭ്യമാകും. AI2362 വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 1:20-ന് പുറപ്പെട്ട് രാത്രി 10:40-ന് മനിലയില്‍ എത്തും. മടക്കയാത്രയ്ക്കുള്ള AI2361 വിമാനം മനിലയില്‍ നിന്ന് രാത്രി 11:40-ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3:50-ന് ഡല്‍ഹിയില്‍ എത്തും.

യാത്രാസമയം വെറും ആറ് മണിക്കൂറും 50 മിനിറ്റും മാത്രമായതിനാല്‍, വാരാന്ത്യ യാത്രകള്‍ക്കോ പെട്ടെന്നുള്ള ബിസിനസ്സ് യാത്രകള്‍ക്കോ ഇത് വളരെ സൗകര്യപ്രദമാണ്. എയര്‍ ഇന്ത്യയുടെ വെബ് സൈറ്റ് വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മനിലയിലേക്കുള്ള നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ ആരംഭിക്കുന്നത് ഫിലിപ്പീന്‍സിലെ വിനോദസഞ്ചാരത്തിനുള്ള അപാരമായ സാധ്യതകള്‍ തുറക്കുന്നുവെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ഇന്ത്യന്‍ യാത്രക്കാര്‍ വിനോദ യാത്രകളോടുള്ള അഭിനിവേഷം വച്ചുപുലര്‍ത്തുന്നവരും പുതിയതും ആവേശകരവുമായ ലക്ഷ്യസ്ഥാനങ്ങള്‍ തേടുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ സേവനങ്ങള്‍ ഫിലിപ്പീന്‍സിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരവും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും കാണാനുള്ള അവസരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നു. കൂടാതെ കൂടുതല്‍ വ്യാപാര, സാംസ്‌കാരിക വിനിമയം വളര്‍ത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം അധികൃതര്‍ ഫിലിപ്പീന്‍സിനെ ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള ഒരു വളര്‍ന്നുവരുന്ന ലക്ഷ്യസ്ഥാനമായി കാണുന്നു, ബീച്ചുകള്‍, ദ്വീപുകള്‍, ബോറാക്കെയുടെ വൈറ്റ് ബീച്ച്, പലാവന്റെ എല്‍ നിഡോ തുടങ്ങിയ പ്രകൃതി ആകര്‍ഷണങ്ങള്‍ക്ക് പേരുകേട്ടതാണ് ഫിലിപ്പീന്‍സ്. പുതിയ റൂട്ട് വിനോദ യാത്രയെയും വ്യാപാര ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു.

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നഗരമാണ് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനില. ചരിത്രപ്രാധാന്യമുള്ള കോട്ടകള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തീഡ്രലുകള്‍, മ്യൂസിയങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണിവിടം. ഏഴായിരത്തിലധികം ദ്വീപുകളാണ് ഇവിടെ ഉള്ളത്.

ഒരു ചെറിയ വിമാനയാത്രയ്ക്കപ്പുറം അതിമനോഹരമായ ബീച്ചുകള്‍, ടര്‍ക്കോയിസ് നിറമുള്ള ജലാശയങ്ങള്‍, സ്‌നോര്‍ക്കെല്ലിങ് മുതല്‍ ദ്വീപുകള്‍ ചുറ്റിക്കറങ്ങുന്നത് വരെയുള്ള സാഹസിക വിനോദങ്ങള്‍ എന്നിവയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

ഫിലിപ്പീന്‍സ് യാത്ര പരമാവധി പ്രയോജനപ്പെടുത്താന്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍

1. മനിലയുടെ ചരിത്രഹൃദയം കണ്ടെത്തുക: നൂറ്റാണ്ടുകളുടെ ചരിത്രവും മനോഹരമായ തെരുവുകളും കൊളോണിയല്‍ വാസ്തുവിദ്യയും സംഗമിക്കുന്ന ഇന്‍ട്രാമുറോസിലൂടെയും ഫോര്‍ട്ട് സാന്റിയാഗോയിലൂടെയും നടക്കുക.

2. പലവാനില്‍ ദ്വീപുകള്‍ ചുറ്റിക്കാണുക: കായലുകളിലൂടെ കയാക്കിങ് നടത്തുക, പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ സ്‌നോര്‍ക്കെല്ലിങ് ചെയ്യുക, മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുക.

3. സെബുവിലെ വെള്ളച്ചാട്ടങ്ങള്‍: കവാസന്‍ വെള്ളച്ചാട്ടം പോലുള്ള ടര്‍ക്കോയിസ് നിറമുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് എടുത്തുചാടാം. അല്ലെങ്കില്‍ സാഹസികതയും പ്രകൃതിയും ഒത്തുചേരുന്ന മലയിടുക്കുകളിലൂടെയുള്ള യാത്ര പരീക്ഷിക്കാം.

4. ഫിലിപ്പിനോ രുചികള്‍ ആസ്വദിക്കുക: വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒരു സാംസ്‌കാരിക അനുഭവം തന്നെയാണ്.

Related Articles
Next Story
Share it