ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് രണ്ടര മണിക്കൂര്‍ മാത്രം..!! എക്‌സ്പ്രസ് വേ ജനുവരിയില്‍ തുറക്കും
സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകവരുന്ന കാഴ്ചകള്‍
സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന, ഹിമാലയത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഇനി വിനോദസഞ്ചാരത്തിന് പ്രിയമേറും. ഡല്‍ഹിയില്‍ നിന്ന് ഡെഹ്‌റാഡൂണ്‍ വരെ ത്രസിപ്പിക്കുന്ന യാത്രാനുഭവം പകരാന്‍ എക്‌സ്പ്രസ് വേ ഒരുങ്ങിക്കഴിഞ്ഞു. 2025 ജനുവരിയില്‍ എക്‌സ്പ്രസ് വേ തുറന്ന് കൊടുക്കും. 210 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയിലൂടെയുള്ള യാത്രയിലുടനീളം മനംകവരുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഡെറാഡൂണിലെ രാജാജി ദേശീയ പാര്‍ക്ക് കടന്നു വേണം യാത്ര ചെയ്യാന്‍. പാര്‍ക്ക് ഉള്‍പ്പെടുന്ന 12 കിലോ മീറ്റര്‍ ദൂരം, വന്യജീവികളുടെ സംരക്ഷണാര്‍ത്ഥം ആകാശപാതയാണ് നിര്‍മിച്ചിരിക്കുന്നത്. 13000 കോടി രൂപ ചെലവില്‍ ദേശീയ പാതാ അതോറിറ്റി നിര്‍മിച്ച എക്‌സ്പ്രസ് വേ ബാഗ്പത്,ഷംലി,സഹാറന്‍പൂര്‍ ടൗണുകളെയും ബന്ധിപ്പിക്കുന്നുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് ആറര മണിക്കൂര്‍ എന്ന യാത്രാ സമയം എക്‌സ്പ്രസ് വേ നിലവില്‍ വരുന്നോടെ രണ്ടര മണിക്കൂറായി കുറയും.