നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; ആദ്യ ദിനം 'ജൊതെഗിരുവനുചന്തിര' അരങ്ങില്‍

കാസര്‍കോട്: കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും പ്രമുഖ സാംസ്‌കാരിക വ്യക്തിത്വവുമായ പി. അപ്പുകുട്ടന്‍ മാസ്റ്ററുടെ സ്മരണയില്‍ കേരള സംഗീത നാടക അക്കാദമി, കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദ്വിദിന നാടകോത്സവത്തിന് ഇന്ന് തുടക്കമാവും. വിദ്യാനഗര്‍ ചിന്‍മയ തേജസ് ഹാളില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി നാടകോത്സവം ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി അംഗം ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറയും. കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത നാടകകൃത്തുമായ രാജ്മോഹന്‍ നീലേശ്വരം, കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത നാടക-ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍, മഹാകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേശ് സാലിയാന്‍, കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ജി.ബി. വത്സല്‍ എന്നിവര്‍ സംസാരിക്കും. കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാ സമിതി സെക്രട്ടറി പി.വി. രാജന്‍ നന്ദി പറയും.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്, കന്നഡയും മലയാളവും ഇരട്ട സഹോദരങ്ങളായി പുലരുന്ന സമൂഹത്തില്‍ ഇരു ഭാഷകളിലെയും രണ്ട് നാടകങ്ങള്‍ അരങ്ങിലെത്തും. തുടര്‍ന്ന് 6.30ന് ഹുളിഗപ്പ കട്ടിമണി സംവിധാനം ചെയ്ത് സങ്കല്‍പ്പ മൈസൂറു അവതരിപ്പിക്കുന്ന 'ജൊതെഗിരുവനുചന്തിര' എന്ന കന്നട നാടകം അരങ്ങേറും.24ന് വൈകുന്നേരം 6.30ന് സുരേഷ് ബാബു ശ്രീസ്ഥയോടൊപ്പം രചന നിര്‍വ്വഹിച്ച് സന്തോഷ് കീഴാറ്റൂര്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന 'പെണ്‍നടന്‍' എന്ന മലയാള നാടകം അരങ്ങേറും.