ദേശീയ പാത; ജില്ലയില്‍ 56 ഇടങ്ങള്‍ പ്രശ്‌നബാധിതം
ദുരന്തസാധ്യതകള്‍ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസര്‍കോട്: ജില്ലയിലെ ദേശീയപാത 66ലെ ദുരന്തസാധ്യതകള്‍ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളില്‍ പ്രശ്‌നബാധിതമായി സമിതി കണ്ടെത്തി. കുന്നിടിച്ചില്‍ ഭീഷണി, വെള്ളക്കെട്ട്, ഓവുചാല്‍ സംവിധാനത്തിന്റെ അപര്യാപ്തത, ഗതാഗത തടസ്സം, പ്രധാന പാതയിലെയും സര്‍വീസ് റോഡിലെയും വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങളാണ് സമിതി കണ്ടെത്തിയത്. സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ അവതരിപ്പിച്ചു. കൂടുതല്‍ മേഖലകള്‍ പ്രശ്‌നബാധിതമാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ദേശീയപാതയിലെ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്ടിന്‍ജന്‍സി പ്ലാന്‍ കളക്ടര്‍ അവതരിപ്പിച്ചു. അടിയന്തിര നടപടി സ്വീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയോടും നിര്‍മ്മാണ കരാര്‍ കമ്പനിയോടും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ദുരന്ത നിവാരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ഇത് ഉറപ്പുവരുത്താന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. ദേശീയപാതയിലെ ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു .റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചതായും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
റോഡിലെ അമിതവേഗത നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ആവശ്യമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടം എംഎല്‍എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നടപടി വേണമെന്നും എംഎല്‍എ പറഞ്ഞു. ദുരന്തനിവാരണത്തിന് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ എല്ലാ എംഎല്‍എമാരുടെയും ഉറച്ച പിന്തുണ ഉണ്ടാകും എന്നും എംഎല്‍എ അറിയിച്ചു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എ കെ എം അഷറഫ് എംഎല്‍എ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ മാരായ അബ്ബാസ് ബീഗം കെ വി സുജാത ടിവി ശാന്ത വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ വിദഗ്ധസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.അടിയന്തര അത്യാഹിത നിയന്ത്രണ പദ്ധതി യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ റമീസ് രാജ അവതരിപ്പിച്ചു.