ആകാശം തൊട്ട് ഇജാസ് ബങ്കര; ഇനി പൈലറ്റ് സീറ്റില്‍..

രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പൈലറ്റ് സീറ്റ് ഉറപ്പിച്ചത്

കാസര്‍കോട്: ആകാശയാത്ര ചെയ്യുമ്പോള്‍ ഏറെ സ്വപ്നം കണ്ട പൈലറ്റ് സീറ്റ് ഒടുവില്‍ കൈപ്പിടിയിലാക്കിയിരിക്കുകയാണ് ഇജാസ് ബങ്കര. റാസ് അല്‍ ഖൈമയിലെ വിമാനത്താവളത്തില്‍ എയര്‍ ബസ് 320, ആറ് തവണ പറന്നിറങ്ങുകയും പറന്നുയരുകയും ചെയ്തതിലൂടെ ഇജാസിന്റെ നാളുകളായുള്ള കഠിനാധ്വാനത്തിന് കൂടിയാണ് സാക്ഷാത്കാരമായത്. ദുബായില്‍ തന്നെയായിരുന്നു ഏവിയേഷന്‍ പഠനം. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പൈലറ്റ് സീറ്റ് ഉറപ്പിച്ചത്. കാസര്‍കോട് മുന്‍ എം.എല്‍.എ ബി.എം അബ്ദുല്‍ റഹ്‌മാന്റെ കൊച്ചുമകന്‍ കൂടിയാണ് ഇജാസ്. ദുബായില്‍ സ്ഥിര താമസമാക്കിയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ മഹമ്മൂദ് ബങ്കരയുടെയും സുബൈദയുടെയും മകനാണ് ഇജാസ് ബങ്കര. ദുബായിലെ എ.എം.ടി ഗ്രൂപ്പ് ചെയര്‍മാനായ മഹമ്മദൂദ് ബങ്കര ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ദുബായ് ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. പ്രവാസി സംഘടനകളായ കെസെഫിന്റെയും അക്കാഫിന്റെയും നേതൃപദവിയടക്കം നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇജാസിന്റെ ജ്യേഷ്ഠ സഹോദരനായ ജാസിം ബങ്കര വിദ്യാര്‍ത്ഥിയായിരിക്കെ യു.എന്‍ അസംബ്ലിയില്‍ പ്രഭാഷണം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മറ്റൊരു സഹോദരന്‍ സിയാദ് ബങ്കര യു.എ.ഇയിലെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. സാറ, റിയ സഹോദരിമാരാണ്.



Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it