അതിതീവ്ര മഴ; വീരമലക്കുന്നിലും മട്ടലായി കുന്നിലും ബേവിഞ്ചയിലും അതീവ ജാഗ്രത
സര്‍വീസ് റോഡ് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഓവുചാല്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. നിര്‍മിച്ച ഓവുചാലുകള്‍ തടസ്സപ്പെട്ടതും കുത്തനെയുള്ള മണ്ണെടുപ്പും പ്രശ്‌നം രൂക്ഷമാക്കി എന്നാണ് കണ്ടെത്തല്‍

കാസര്‍കോട്: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയില്‍ അതീതീവ്ര മഴ തുടരുന്നു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ശനിയാഴ്ചയും തുടരുകയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള മേഖലകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോരങ്ങളിലേക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
ദേശീയ പാത 66 ല്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടും വിള്ളലുകളും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സര്‍വീസ് റോഡ് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഓവുചാല്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. നിര്‍മിച്ച ഓവുചാലുകള്‍ തടസ്സപ്പെട്ടതും കുത്തനെയുള്ള മണ്ണെടുപ്പും പ്രശ്‌നം രൂക്ഷമാക്കി എന്നാണ് കണ്ടെത്തല്‍. ജില്ലാ കളക്ടര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുകയാണ്. ഹോസ്ദുര്‍ഗ്, കാസര്‍കോട്, മഞ്ചേശ്വരം തഹസില്‍ദാര്‍മാര്‍ക്കാണ് ചുമതല. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് എല്ലാ ഇടങ്ങളിലും പരിശോധന നടത്തി നടപടി സ്വീകരിച്ച് വരികയാണ്.
ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാല്‍ പ്രദേശങ്ങളിലെ സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ബേവിഞ്ചയില്‍ ദേശീയപാതയുടെ സമീപത്തായി 150 കുടുംബങ്ങളാണുള്ളത്. വീരമലക്കുന്നിന്റെ പരിസരത്ത് ഒരു ഹോട്ടലും പത്ത് വീടുകളുമാണുള്ളത്. മട്ടലായിക്കുന്നിന്റെ പരിസരത്ത് 15 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.അവശ്യഘട്ടത്തില്‍ ഇവരെ മാറ്റിപാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. മട്ടലായിക്കുന്നിലെ ഇലക്ട്രിക് ലൈന്‍ സംബന്ധിച്ച വിഷയം കെ.എസ്.ഇ.ബി പരിഗണിച്ച് വരികയാണ്.
കാര്യങ്കോട് വേളുവയല്‍ പാലത്തിന്റെ രണ്ട് സ്പാനിന് ഇടയിലുള്ള മണ്ണ് നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടന്നുവരികയാണ്. കൂടാതെ ഡ്രെയിനേജ് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.