ദേശീയപാത 66ലെ വിള്ളല്‍; കണ്‍സ്ട്രക്ഷന്‍ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി; വിള്ളല്‍ വീണ സ്ഥലം സന്ദര്‍ശിച്ചു
കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വിദഗ്ദ്ധ സംഘത്തെ കൊണ്ട് മേഘ കസ്ട്രക്ഷന്‍സിന്റെ പ്രവൃത്തി പരിശോധിക്കണം. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു

കാഞ്ഞങ്ങാട്: കനത്ത മഴയ്ക്ക് പിന്നാലെ വിള്ളലുണ്ടായ ദേശീയ പാത 66 രണ്ടാം റീച്ചിലെ മാവുങ്കാല്‍ കല്യാണ്‍ റോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. രണ്ടാം റീച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരെ എം.പി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. രണ്ടും മൂന്നൂം റീച്ചിലെ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മേഘ കസ്ട്രക്ഷന്‍സ് കമ്പനി ശാസ്ത്രീയമായല്ല പ്രവൃത്തി നടത്തുത്. മഴ മുന്നില്‍ കണ്ട് കൊണ്ടുള്ള മുന്‍കരുതല്‍ സ്വീകരിക്കാനോ അതിനുള്ള സംവിധാനം ഒരുക്കാനോ കമ്പനി തയ്യാറായില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 20 മീറ്ററോളം ഉള്ള വിള്ളല്‍ ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തിയേനേ. ദേശീയപാതയ്ക്ക് പുറമെ സര്‍വീസ് റോഡും കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കീഴിലുള്ള റീച്ചുകളിലാണ് പരാതികള്‍ ഉയരുന്നത്. യാതൊരു വിധ ഉത്തരവാദിത്ത ബോധവും ഇല്ലാതെ മേഘ കണ്‍സ്ട്രക്ഷന്‍സ് നടത്തുന്ന പ്രവൃത്തിയെ കുറിച്ച് വ്യാപകമായ പരാതി എം.എല്‍.എമാര്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. നിര്‍മാണപ്രവൃത്തിയുടെ ഭാഗമായി ഓവുചാല്‍ നിര്‍മ്മിക്കാത്തതിനാല്‍ മലവെള്ളപ്പാച്ചില്‍ സര്‍വീസ് റോഡിലേക്കാണ് എത്തുന്നത്. മയിച്ചയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തി. ദേശീയപാത നിര്‍മാണ പ്രവൃത്തി മരണക്കിണറായി മാറിയിരിക്കുകയാണ്. ഇനിയും ഒരു മരണം ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വിദഗ്ദ്ധ സംഘത്തെ കൊണ്ട് മേഘ കസ്ട്രക്ഷന്‍സിന്റെ പ്രവൃത്തി പരിശോധിക്കണം. കമ്പനിയെ കരിമ്പടികയില്‍പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. തട്ടിക്കൂട്ട് പണിയുടെ ഉസ്താദായി കരാര്‍ കമ്പനി മാറിയെന്നും രാജ്യം ഭരിക്കു സര്‍ക്കാരും ബിജെപിയും കരാറുകാരനെ പിന്താങ്ങുന്ന അവസ്ഥായാണെന്നും അതുകൊണ്ടാണ് ജില്ലയിലെ ബിജെപി നേതൃത്വം ഇതിനെ കുറിച്ച് മിണ്ടാതിരിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കുറ്റപ്പെടുത്തി.