ടോക്യോ: ഇത്തവണ ഒളിംപിക്‌സ് നടത്തുന്നതിനെതിരെ ജപ്പാനില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഒളിംപിക്‌സ് നടത്തുന്നത് പുതിയ വകഭേദം പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ നടത്താനിരുന്ന ഒളിംപിക്സ് കൊവിഡ് ബാധയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ഒളിംപിക്സ് നടത്തിയാല്‍ അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒളിംപിക്സിന് ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയില്‍ പല കൊവിഡ് വകഭേദങ്ങള്‍ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിംപിക്സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വര്‍ഷം വരെ അതിന്റെ പേരില്‍ നമ്മള്‍ പഴി കേള്‍ക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിംപിക്സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. അതേസമയം ഒളിംപിക്‌സുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് സര്‍ക്കാരും ഇന്റര്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റിയും. ജൂലായ് 23 മുതല്‍ ആഗസ്റ്റ് എട്ടുവരെ ഒളിംപിക്‌സ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒളിംപിക്‌സ് ടെസ്റ്റ് ഇവന്റ് നടന്ന മത്സരവേദിയില്‍ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇനിയൊരു മാറ്റിയ്ക്കല്‍ പറ്റില്ലെന്ന നിലപാടിലാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി. വാക്‌സിനേഷന് വിധേയരായ കായിക താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഒളിംപിക്‌സ് നടത്താനും കാണികളെ ഒഴിവാക്കാനും ഐ.ഒ.സി ശ്രനം നടത്തുന്നുണ്ട്. ഒളിംപിക്സ് നടത്തുകയാണെങ്കില്‍ തന്നെ വിദേശ കാണികളെ വിലക്കാനാണ് നേരത്തെ ജപ്പാന്‍ തീരുമാനിച്ചത്.
അതേസമയം ഒളിംപിക്‌സിനായി ഇന്ത്യ ഒരുങ്ങുകയാണെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര അറിയിച്ചു. ഒളിംപിക്‌സ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അത്‌ലറ്റുകള്‍ ബംഗളുരു, പട്യാല ക്യാമ്പുകളില്‍ പരിശീലനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി ടീമും ബംഗളൂരുവിലുണ്ട്. ഷൂട്ടര്‍മാര്‍ക്ക് ക്രൊയേഷ്യയില്‍ പരിശീലനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. മെഡല്‍ പ്രതീക്ഷയുള്ള സംഘത്തെയാണ് അയക്കുക. 125-140 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒഫീഷ്യലുകള്‍ അടക്കം ഇരുനൂറോളം പേരുണ്ടാകുമെന്ന് ഈയിടെ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ബത്ര പറഞ്ഞു.