സുഗന്ധം പരത്തുന്ന ഊദ്, മധുവൂറും റംബൂട്ടാന്‍, പിന്നെ പിടയ്ക്കുന്ന മീനുകളും; തോമസ് ടി. തയ്യിലിന്റെ കൃഷി വിശേഷം വേറെ ലെവലാണ്

കാഞ്ഞങ്ങാട്: തോമസ് ടി. തയ്യിലിന്റെ കൃഷിയിടം വൈവിധ്യങ്ങളാല്‍ സമ്പന്നം. ജൈവ കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പൊതുപ്രവര്‍ത്തകന്റെ കൃഷിയിടം മാതൃകയാണ്. കോളിച്ചാല്‍ സ്വദേശി തോമസ് ടി. തയ്യിലിന്റെ കൃഷിയിടമാണ് കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്നത്. ലോക മാര്‍ക്കറ്റില്‍ വലിയ മൂല്യമുള്ള ഊദ് ഉല്‍പാദിപ്പിക്കുന്ന അഗര്‍ മരം, സ്വാദിഷ്ടവും ഔഷധഗുണവുമുള്ള റംബൂട്ടാന്‍, ജൈവ രീതിയില്‍ വളര്‍ത്തിയ വിവിധയിനം മത്സ്യങ്ങള്‍ എന്നിവയാണ് തോമസിന്റെ കൃഷിയിടത്തിലെ വ്യത്യസ്ത ഇനങ്ങള്‍. ഇതില്‍ മത്സ്യകൃഷിയുടെയും റംബൂട്ടാന്റെയും വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. 10 സെന്റ് സ്ഥലത്തെ കുളത്തില്‍ […]

കാഞ്ഞങ്ങാട്: തോമസ് ടി. തയ്യിലിന്റെ കൃഷിയിടം വൈവിധ്യങ്ങളാല്‍ സമ്പന്നം. ജൈവ കൃഷിയെ നെഞ്ചോട് ചേര്‍ക്കുന്ന ഈ പൊതുപ്രവര്‍ത്തകന്റെ കൃഷിയിടം മാതൃകയാണ്. കോളിച്ചാല്‍ സ്വദേശി തോമസ് ടി. തയ്യിലിന്റെ കൃഷിയിടമാണ് കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്നത്. ലോക മാര്‍ക്കറ്റില്‍ വലിയ മൂല്യമുള്ള ഊദ് ഉല്‍പാദിപ്പിക്കുന്ന അഗര്‍ മരം, സ്വാദിഷ്ടവും ഔഷധഗുണവുമുള്ള റംബൂട്ടാന്‍, ജൈവ രീതിയില്‍ വളര്‍ത്തിയ വിവിധയിനം മത്സ്യങ്ങള്‍ എന്നിവയാണ് തോമസിന്റെ കൃഷിയിടത്തിലെ വ്യത്യസ്ത ഇനങ്ങള്‍. ഇതില്‍ മത്സ്യകൃഷിയുടെയും റംബൂട്ടാന്റെയും വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. 10 സെന്റ് സ്ഥലത്തെ കുളത്തില്‍ വിവിധയിനം മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. 38 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളമാണിത്. അസാം വാള, തിലോപ്പിയ, എം.എസ്.ടി, ചിത്രലാട എന്നിവയാണ് ഇവിടെ വളര്‍ത്തുന്ന മത്സ്യങ്ങള്‍. മത്സ്യങ്ങളുടെ തീറ്റ പോലും ജൈവ രീതിയിലാണ്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ വീട്ടുമുറ്റത്തെ മത്സ്യകൃഷി പദ്ധതി വഴിയാണ് മത്സ്യകൃഷി ചെയ്തത്. ഔഷധഗുണവും സ്വാദിഷ്ടവുമായ റംബൂട്ടാനും തോമസിന്റെ പറമ്പിലെ പ്രധാന വിളയാണ്. രോഗ പ്രതിരോധ ശേഷിയുള്ള ഈ പഴം പനി, ജലദോഷം, ചര്‍മ്മരോഗം എന്നിവയ്ക്ക് മരുന്നുകൂടിയാണ്. മലയോരത്ത് ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍ റംബൂട്ടാന്‍ കൃഷിയുടെ പ്രസക്തിയും വര്‍ധിക്കുകയാണ്. പലര്‍ക്കും ചെറിയ വിലയ്ക്കാണ് തോമസ് നല്‍കുന്നത്. തോട്ടത്തിലെ മറ്റൊരു പ്രധാന വിളയാണ് അഗര്‍വുഡ്. ഒന്നരയേക്കര്‍ സ്ഥലത്താണ് കൂറ്റന്‍ മരങ്ങളുള്ളത്. പുതിയ ആയിരം തൈകളും നടാനൊരുങ്ങുകയാണ്. ഇരുപത് വര്‍ഷത്തിലധികം പ്രായമുള്ള മരങ്ങളില്‍ ഊദ് ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ ഫംഗസുകള്‍ കുത്തിവെച്ച് കാത്തിരിക്കുകയാണ് തോമസ്. ഉല്‍പ്പന്നം വിലപിടിപ്പുള്ളതായതിനാല്‍ വീട്ടുകാരുടെ ഒരു കണ്ണ് എപ്പോഴും തോട്ടത്തിലായിരിക്കും. 100 തൈകള്‍ നട്ടാല്‍ എട്ട്-പത്ത് തൈകള്‍ മാത്രമേ ശരിക്കും വളര്‍ന്നു വരികയുള്ളൂ. അതുകൊണ്ടാണ് ആയിരത്തോളം തൈകള്‍ നടുന്നതെന്ന് തോമസ് പറഞ്ഞു. അസമില്‍ നിന്നാണ് തൈകള്‍ കൊണ്ടുവന്നത്. വാനില ഉള്‍പ്പെടെയുള്ള കൃഷികളും ഈ ജൈവകര്‍ഷകന്റെ തോട്ടത്തിലുണ്ട്. മത്സ്യകൃഷിയുടെയും റംബൂട്ടാന്റെയും വിളവെടുപ്പ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചമല ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട് മൈക്കിള്‍ പൂവത്താനി മത്സ്യങ്ങളെ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം. കുര്യാക്കോസ്, അംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. ജെ. ജയിംസ്, രാധാ സുകുമാരന്‍, സി.ഡി.എസ്. പ്രസിഡണ്ട് ലൈസ തങ്കച്ചന്‍, പ്രകാശ് ചന്ദ്രന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it