തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍പാതയ്ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ബെംഗളൂരു മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന് ഡോ. മുരളി കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം നല്‍കിയത്.
പാരിസ്ഥിതികാനുമതി കിട്ടുന്നതിനു മുമ്പ് സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആര് ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റെയില്‍വെയോ റെയില്‍വെ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
തുറമുഖങ്ങള്‍, ദേശീയ പാതകള്‍, വിമാനത്താവളങ്ങള്‍, കെട്ടിട നിര്‍മ്മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവര്‍ത്തികളുമാണ് ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ റെയില്‍വെയും റെയില്‍വെ പദ്ധതികളും പെടില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി ആവശ്യമില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്.