ബദിയടുക്ക: നീര്‍ച്ചാലില്‍ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്ച്ചാല് കടമ്പള ലക്ഷം വീട് കോളനിക്ക് സമീപം താമസക്കാരിയും മധൂര്‍ ചേനക്കോട്ടെ ചനിയയുടെയും സരസ്വതിയുടെയും മകളുമായ ശ്രുതി(22)യെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നതായി പറയുന്നു. ചെനിയയും സരസ്വതിയും വര്‍ഷങ്ങളായി അകന്നുതാമസിക്കുകയാണ്. അമ്മ സരസ്വതിക്കൊപ്പമായിരുന്നു ശ്രുതി താമസം. വീടും സ്ഥലവും വേണമെന്നാവശ്യപ്പെട്ട് ശ്രുതിയും അമ്മ സരസ്വതിയും മുമ്പ് ബേള വില്ലേജ് ഓഫീസ് വരാന്തയില്‍ രാത്രി മുഴുവന്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതോടെ റവന്യൂ അധികൃതരും നാട്ടിലെ സന്നദ്ധസംഘടനകളും ഇടപെട്ട് ഇവര്‍ക്ക് ബേള കടമ്പളയില്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങിക്കൊടുത്തു. ഒരു സന്നദ്ധസംഘടന വീട് നിര്‍മിച്ചുനല്‍കി. ഈ വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് ശ്രുതി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.