പാലക്കുന്ന്: നെല്ലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര തിരുനട ഇന്നലെ അത്യപൂര്‍വമായ ഒരു വിവാഹ ചടങ്ങിന് സാക്ഷ്യമായി. ആ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ അനുജന്റെ കാര്‍മ്മികത്വത്തില്‍ ജ്യേഷ്ടന്റെ വിവാഹകര്‍മം നടന്നു. അനുജന് ആ ക്ഷേത്രത്തിലെ മേല്‍ശാന്തിയും. ജില്ലയിലെ ഏക തീയ്യ മേല്‍ശാന്തി, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേല്‍ശാന്തി എന്നീ വിശേഷണങ്ങള്‍ കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത ശ്രീനീഷ് എന്ന 26കാരനാണ് ജ്യേഷ്ടന്റെ വിവാഹ മംഗള കര്‍മ്മങ്ങള്‍ നടത്താന്‍ നിയോഗമുണ്ടായത്. പാലിച്ചിയടുക്കം തൊട്ടിയില്‍ ടി. ശ്രീധരന്റെയും സി. കാര്‍ത്യായനിയുടെയും മകനും പ്രവാസിയുമായ ശ്രീധിഷും മധൂര്‍ പതിക്കാല്‍ പട്ട്ളയില്‍ യു.കെ. വാസുദേവന്‍-ഉമാവതി ദമ്പതികളുടെ മകള്‍ വി. ദീപികയുടെയും താലികെട്ട് ചടങ്ങിനാണ് വരന്റെ അനുജനായ മേല്‍ശാന്തി കാര്‍മികത്വം വഹിച്ചത്.
2002ലെ സുപ്രീം കോടതി വിധിയനുസരിച്ച് ഏതൊരു ഹിന്ദുവിനും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതില്‍ വിലക്കില്ല. പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് രാഗേഷ് തന്ത്രിയാണ് നിര്‍ണായകമായ ഈ വിധി നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചത്. അതനുസരിച്ച് അബ്രാഹ്മണര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള പരിശീലനത്തിനായി 2003ല്‍ എറണാകുളം പറവൂറില്‍ സ്ഥാപിച്ച വിദ്യാപീഠത്തില്‍ നിന്ന് ആദ്യമായി ഉപനയനാദി സംസ്കാരങ്ങളോടെ പൂണുല് അണിഞ്ഞ് വിഗ്രഹാരാധനക്ക് തീയ്യ സമുദായാംഗമായ ശ്രീനിഷ് യോഗ്യത നേടി. ചെറുപ്രായത്തില്‍ തന്നെ നിരവധി ക്ഷേത്ര പ്രതിഷ്ഠകളും കൊടിമര പ്രതിഷ്ഠയും ശ്രീനിഷ് നടത്തി. തുടര്‍ന്നാണ് നെല്ലിക്കുന്ന് ക്ഷേത്രത്തില്‍ മേല്‍ശാന്തിയായത്. പാലക്കുന്ന് കഴകത്തിലെ ചെമ്മനാട് പ്രാദേശിക സമിതിയില്‍ പെടുന്നവരാണ് ഈ കുടുംബം.