മാലിദ്വീപില്‍ പറുദീസ പോലെ കുടാ വില്ലിംഗ്‌ലി റിസോര്‍ട്ട്

Slice of paradise; പറുദീസയുടെ തുണ്ട്. സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത ചിലകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചാര്‍ത്തപ്പെടുന്ന വിശേഷണമാണത്. തന്റെ അപാരമായ കാഴ്ചയും കാഴ്ചപ്പാടും കൊണ്ട് ലോകത്ത് തന്നെ കുറേ അത്ഭുതങ്ങള്‍ സൃഷ്ടിച്ച, നേട്ടങ്ങളുടെ നിരവധി കൊടുമുടികള്‍ പണിത ഡോ. ഗള്‍ഫാര്‍ മുഹമ്മദലി എന്ന മലയാളി മാലിദ്വീപില്‍ ലോകോത്തര റിസോര്‍ട്ട് രൂപത്തില്‍ വിരിയിച്ച അത്ഭുതത്തെ ലോകം വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നതും സ്വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചാണ്. സ്ലൈസ് ഓഫ് പാരഡൈസ്, സ്വര്‍ഗസമാനം...അങ്ങനെ കുറേ വിശേഷണങ്ങള്‍. മാലിദ്വീപ് ലോകത്തെമ്പാടുമുള്ള സഞ്ചാരികളുടെ ആകര്‍ഷണ ബിന്ദുവായത് അവിടത്തെ […]

Slice of paradise; പറുദീസയുടെ തുണ്ട്. സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത ചിലകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ചാര്‍ത്തപ്പെടുന്ന വിശേഷണമാണത്. തന്റെ അപാരമായ കാഴ്ചയും കാഴ്ചപ്പാടും കൊണ്ട് ലോകത്ത് തന്നെ കുറേ അത്ഭുതങ്ങള്‍ സൃഷ്ടിച്ച, നേട്ടങ്ങളുടെ നിരവധി കൊടുമുടികള്‍ പണിത ഡോ. ഗള്‍ഫാര്‍ മുഹമ്മദലി എന്ന മലയാളി മാലിദ്വീപില്‍ ലോകോത്തര റിസോര്‍ട്ട് രൂപത്തില്‍ വിരിയിച്ച അത്ഭുതത്തെ ലോകം വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നതും സ്വര്‍ഗീയ പദങ്ങള്‍ ഉപയോഗിച്ചാണ്. സ്ലൈസ് ഓഫ് പാരഡൈസ്, സ്വര്‍ഗസമാനം...അങ്ങനെ കുറേ വിശേഷണങ്ങള്‍.
മാലിദ്വീപ് ലോകത്തെമ്പാടുമുള്ള സഞ്ചാരികളുടെ ആകര്‍ഷണ ബിന്ദുവായത് അവിടത്തെ മനോഹരമായ കടല്‍ തീരങ്ങളും റിസോര്‍ട്ടുകളുടെയും ബീച്ച് വില്ലാസിന്റെയും വാട്ടര്‍ വില്ലാസിന്റെയും അനുപമ സൗന്ദര്യവും കൊണ്ടാണ്. നൂറുകണക്കിന് ചെറു ദ്വീപുകളുള്ള മാലിദ്വീപിന്റെ മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളാണ് ഓരോ റിസോര്‍ട്ടുകളും. അക്കൂട്ടത്തിലേക്ക് ആകാശത്ത് നിന്ന് പറന്നിറങ്ങിയ മറ്റൊരു നക്ഷത്രക്കൂട്ടമാണ് കുടാ വില്ലിന്‍ഗ്‌ലി റിസോര്‍ട്ട്.
ജൂണ്‍ ഒന്നിന് ലോകസഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്ത കുടാ റിസോര്‍ട്ടിലേക്ക് മൂന്നാഴ്ച കൊണ്ട് നാനാഭാഗങ്ങളില്‍ നിന്ന് പറന്നിറങ്ങിയത് എണ്ണമറ്റ ടൂറിസ്റ്റുകളാണ്.
ഓരോ സഞ്ചാരിയും കുടാ റിസോര്‍ട്ടിലെ അനുപമവും ആനന്ദകരവുമായ നിമിഷങ്ങള്‍ ചെലവഴിച്ച് മടങ്ങുമ്പോള്‍ ഗസ്റ്റ് ഡയറിയില്‍ കുറിച്ചിടുന്ന വാക്കുകളില്‍ ഏറെയും 'സ്വര്‍ഗതുല്യം' എന്നതായിരുന്നു.


ഗള്‍ഫാര്‍ മുഹമ്മദലി; അത്ഭുതങ്ങളുടെ സുല്‍ത്താന്‍
മാലിദ്വീപില്‍ ഇരുന്നൂറോളം റിസോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഒരു മലയാളിയുടെ ഏറ്റവും മനോഹരമായ സ്വപ്‌നം ഇത്രയും മികച്ച തരത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് ഇതാദ്യമാണ്. കുടാ റിസോര്‍ട്ടിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഡോ. ഗള്‍ഫാര്‍ മുഹമ്മദലി എന്ന, നിര്‍മ്മാണ രംഗത്ത് ലോക പ്രശസ്തമായ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പ് ചെയര്‍മാനും ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച് ലോക ശ്രദ്ധേയനായ വ്യക്തിത്വവുമായ ഡോ. പി. മുഹമ്മദലി എന്ന ഗള്‍ഫാര്‍ മുഹമ്മദലിയുടെ ജീവചരിത്രം വായിക്കണം. ജൂണ്‍ എന്നത് ഗള്‍ഫാര്‍ മുഹമ്മദലിയുടെ ജീവിതത്തിലെ ഭാഗ്യ മാസങ്ങളിലൊന്നാണ്. തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് 1949 ജൂണ്‍ 6 നായിരുന്നു പി. മുഹമ്മദാലിയുടെ ജനനം. സിവില്‍ എഞ്ചിനിയറിംഗ് ബിരുദം നേടി 1972ല്‍ ഒമാനിലേക്ക് വിമാനം കയറുമ്പോള്‍ ഏതൊരു ശരാശരി മലയാളിയേയും പോലെയുള്ള കുഞ്ഞുസ്വപ്‌നങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സില്‍. തന്റെ പക്കലുള്ള എഞ്ചിനീയറിംഗ് ബിരുദം ഉപയോഗിച്ച് സാമ്രാജ്യങ്ങള്‍ തീര്‍ക്കണം. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കണ്‍സ്ട്രക്ഷന്‍ കമ്പനി പടുത്തുയര്‍ത്തണം. ഇതൊക്കെയായിരുന്നു യുവാവായിരുന്ന പി. മുഹമ്മദലിയുടെ സ്വപ്‌നങ്ങള്‍. ആ സ്വപ്‌നങ്ങള്‍ അത്ഭുതം കണക്കെ വിരിയുന്നതാണ് കാലം കണ്ടത്. അദ്ദേഹം ഒമാനില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് തുടക്കമിട്ടു. ബഹുനില കെട്ടിടങ്ങള്‍ക്കൊപ്പം തന്നെ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനിയും വളരെ പെട്ടെന്ന് തന്നെ കുതിച്ചുയര്‍ന്നു. പി. മുഹമ്മദലിയുടെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും തികഞ്ഞ സുരക്ഷാബോധവും കഠിനപ്രയത്‌നങ്ങളും തൊഴിലാളികളോടുള്ള സ്‌നേഹവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിമാറുകയായിരുന്നു. സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ അത്രമാത്രം കെല്‍പ് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആര്‍ജ്ജിച്ചെടുത്തിരുന്നു.
ലോകം ആദരിക്കുന്ന വലിയൊരു ബിസിനസ് മാനായി വളരെ പെട്ടന്ന് തന്നെ അദ്ദേഹം മാറി. വിദ്യാഭ്യാസ, കാരുണ്യ, ആരോഗ്യ രംഗങ്ങളില്‍ അദ്ദേഹം നടത്തിയ സംഭാവനകളുടെ മഹത്വം എണ്ണിയാല്‍ തീരില്ല. പ്രൊഫഷനിലെ ഉന്നതിക്കൊപ്പം തന്നെ ദയയുടേയും അലിവിന്റെയും ആള്‍ രൂപമായി ഗള്‍ഫാര്‍ മുഹമ്മദലി വളരുന്നതും അനേകം പേര്‍ക്ക് തണല്‍ വിരിച്ച് നില്‍ക്കുന്നതും ലോകം കണ്‍കുളിര്‍ക്കെ കണ്ടു. സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം തൊഴിലാളികളുള്ള നിര്‍മ്മാണ കമ്പനിയായി ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനി വളര്‍ന്നത് വളരെ പെട്ടന്നായിരുന്നു. ഒമാനില്‍ നിന്ന് അബുദാബി, ഖത്തര്‍, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ സാമ്രാജ്യങ്ങള്‍ വളര്‍ന്നു. വിവിധ രാജ്യക്കാരായ 65,000 തൊഴിലാളികള്‍ അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നു എന്നറിയുമ്പോഴാണ് ഗള്‍ഫാര്‍ മുഹമ്മദലി എന്ന തണല്‍വൃക്ഷം എത്ര വലിപ്പത്തിലും എത്ര വിസ്തൃതിയിലുമായിരുന്നുവെന്നും ആ തണല്‍ എത്ര രാജ്യങ്ങളിലേക്ക് വളര്‍ന്ന് പന്തലിച്ചിരുന്നുവെന്നും തിരിച്ചറിയുന്നത്.
ഗള്‍ഫാര്‍ എഞ്ചനീയറിംഗ് ഗ്രൂപ്പ് സിവില്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ കണ്‍സ്ട്രക്ഷന്‍, ഓയില്‍-ഗ്യാസ്, റോഡ്‌സ്-ബ്രിഡ്ജസ്, മാനുഫാക്ചറിംഗ്, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, വാട്ടര്‍-വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍, എജ്യുക്കേഷണല്‍ തുടങ്ങി കൈവെക്കാത്ത മേഖലകളില്ല. എല്ലാത്തിലും കൊയ്തത് അത്ഭുതപ്പെടുത്തുന്ന വിജയങ്ങളും നേട്ടങ്ങളുമാണ് !
ഒമാനിലെ വിദ്യാഭ്യാസ മേഖലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എണ്ണമറ്റതാണ്. ഗള്‍ഫാര്‍ മുഹമ്മദലി ഒമാനില്‍ സ്ഥാപിച്ച കലഡോണിയന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച കോളേജുകളില്‍ ഒന്നാണ്. ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളില്‍ 3500ന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അദ്ദേഹം സ്ഥാപിച്ച ഒമാന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയത് അനേകം ഡോക്ടര്‍മാരാണ്. അദ്ദേഹം തന്നെ സ്ഥാപിച്ച ഒമാന്‍ ഫാര്‍മസി കോളേജില്‍ നിന്ന് തൊഴില്‍ മേഖലയിലേക്ക് പഠിച്ചിറങ്ങിയതും എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍. സ്വകാര്യമേഖലയില്‍ ഒരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ആരംഭിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ആദ്യമായി സമ്മതം മൂളിയത് ഗള്‍ഫാര്‍ മുഹമ്മദലിക്ക് വേണ്ടിയാണെന്നതും ഒമാന്റെ ചരിത്രം. 2018 സെപ്തംബറില്‍ ആരംഭിച്ച ദി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സസ് ആന്റ് ടെക്‌നോളജി ലോകത്തെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ്.

ഇന്ത്യയിലും സംരംഭങ്ങള്‍...
അനുഭവ സമ്പത്തിന്റെ കരുത്തുമായാണ് ഡോ. ഗള്‍ഫാര്‍ മുഹമ്മദലി ഇന്ത്യയില്‍ ആതുര-വിദ്യാഭ്യാസ- നിര്‍മ്മാണ രംഗത്തേക്ക് കടന്ന് വന്നത്. ഗള്‍ഫില്‍ തന്റെ സാമ്രാജ്യം ആകാശം മുട്ടെ ഉയരുമ്പോഴും അദ്ദേഹം ഇന്ത്യയില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചത് സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയല്ല, ഒരുപാട് പേര്‍ക്ക് ജോലി ലഭിക്കട്ടെയെന്ന ആഗ്രഹം കൊണ്ടാണ്.
ആദ്യം ബംഗളൂരുവില്‍ എംഫാര്‍ കണ്‍സ്ട്രക്ഷന്‍സും കൊച്ചിയില്‍ എംഫാര്‍ ഹോട്ടല്‍സും തുടങ്ങി. കൊച്ചിയിലെ ലീരീഡിയന്‍ ഹോട്ടല്‍ അദ്ദേഹം ഏറ്റെടുത്ത് സ്വപ്‌നസമാനമാക്കി. ചെന്നൈയില്‍ വേസ്റ്റിന്‍ ഹോട്ടലും പിന്നാലെ അസൈബ ഹോട്ടല്‍സും ആരംഭിച്ചു. കൊച്ചി വിമാനത്താവള ലിമിറ്റഡിന്റെയും (സിയാല്‍) ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിന്റെയും (ഇന്‍കാല്‍) സ്ഥാപക ഡയറക്ടറാണ്. രണ്ടും കേരള സര്‍ക്കാറിന്റെ സംരംഭങ്ങളാണ്. സ്വകാര്യ മേഖലയുടെ സഹകരണം ആഗ്രഹിക്കുമ്പോഴൊക്കെ കേരള സര്‍ക്കാര്‍ എം.എ യൂസഫലിയോടൊപ്പം ആദ്യം ഓര്‍ക്കുകയും ക്ഷണിക്കുകയും ചെയ്യുന്ന പേരുകളിലൊന്ന് ഗള്‍ഫാര്‍ മുഹമ്മദലിയുടേതാണ്.
ജന്മനാടായ തളിക്കുളം അദ്ദേഹത്തിന് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വികാരമാണ്. ജന്മനാടിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് തളിക്കുളം വികാസ് ട്രസ്റ്റ് രൂപീകരിച്ചത്. നാടിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ഭവന, തൊഴില്‍ മേഖലകളിലെല്ലാം ഗള്‍ഫാര്‍ മുഹമ്മദലിയുടെ കയ്യൊപ്പുണ്ട്. വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി തന്റെ കരങ്ങള്‍ എല്ലായിടങ്ങളിലേക്കും നീട്ടുന്നതിനാണ് പി.എം ഫൗണ്ടേഷന്‍ രൂപീകരിച്ചത്. കേരളമാകെ ആ സഹായം എത്തി. സി.എസ്.എം സെന്‍ട്രല്‍ സ്‌കൂളും സ്ഥാപിച്ചു. ആശ്രയമറ്റവരെ സഹായിക്കുന്നതിന് രൂപീകൃതമായ സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആണ് അദ്ദേഹം. 2011ല്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഈ സ്ഥാപനം നാടിന് സമര്‍പ്പിച്ചത്.
ഒമാന്‍ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും എല്ലാ ഉന്നത സ്ഥാനങ്ങളിലേക്കും മുഹമ്മദലിയെ പരിഗണിച്ചിരുന്നു. ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേര്‍സിന്റെയും ഒമാന്‍ പെട്രോളിയം അലയന്‍സി(ഒപാല്‍)ന്റെയും സ്ഥാപക ചെയര്‍മാനാണ്. ഒമാനൈസേഷന്‍ ജോയിന്റ് കമ്പനി വൈസ് ചെയര്‍മാന്‍ പദവിയും വഹിച്ചു. കേരളത്തില്‍ ജനിച്ചൊരാള്‍ മറുനാട്ടില്‍ ഇങ്ങനെ എണ്ണമറ്റ പദവികളുടെ അമരത്ത് വാഴുന്നത് വലിയ അഭിമാനം തന്നെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഓവര്‍സീസ് എംപ്ലോയ്‌മെന്റിന്റെ ഗവേണിംഗ് ബോഡി അംഗമാണ്.
ചെറിയ ബഹുമതികള്‍ കിട്ടുമ്പോള്‍ എല്ലാം മറന്ന് അഹങ്കരിക്കുന്നവര്‍ ഗള്‍ഫാര്‍ മുഹമ്മദലിയെ തേടിയെത്തിയ പുരസ്‌കാരങ്ങളുടെ പട്ടിക കണ്ടാല്‍ ഞെട്ടും. എല്ലാം അദ്ദേഹത്തിന്റെ ആത്മ സമര്‍പ്പണത്തിന് കിട്ടിയ അപൂര്‍വ്വ ബഹുമതികളാണ്.
2002ല്‍ സിവില്‍ ഓര്‍ഡര്‍ അവാര്‍ഡ് നല്‍കിയാണ് ഒമാന്‍ ഭരണകൂടം ഈ മലയാളിയെ ആദരിച്ചത്. 2004ല്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് നേടി. അതേ വര്‍ഷം തന്നെ യു.കെ.യിലെ ഗ്ലാസ്‌കോ കലഡോനിയന്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ഗള്‍ഫാര്‍ മുഹമ്മദലിയെ ആദരിച്ചു. 2010ല്‍ ടൈംസ് ഗ്രൂപ്പിന്റെ ദി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഗള്‍ഫാറിനെ തേടിയെത്തി. 2003ല്‍ ഇന്ത്യാ സര്‍ക്കാര്‍ പ്രവാസി ഭാരതി പ്രസിഡണ്ട് അവാര്‍ഡ് നല്‍കി ആദരിച്ചു. കൊച്ചി വിമാനത്താവളത്തിന്റെ പുരോഗതിക്കുള്ള പ്രവര്‍ത്തനത്തിനും ഗള്‍ഫാര്‍ മുഹമ്മദലി ആദരിക്കപ്പെട്ടു.

പറുദീസയുടെ തുണ്ടായി കുടാ വില്ലിംഗ്‌ലി റിസോര്‍ട്ട്
ഏറ്റവും സ്‌നേഹിക്കുന്നവരെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാനുള്ള, ആനന്ദകരമായ ഒരു റിസോര്‍ട്ടാണ് മാലിദ്വീപില്‍ ഗള്‍ഫാര്‍ മുഹമ്മദലി യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണ, ആരോഗ്യ മേഖലയ്‌ക്കൊപ്പം തന്നെ ഹോട്ടല്‍ മേഖലയിലും നേട്ടങ്ങളുടെ പറുദീസ തീര്‍ത്ത ഗള്‍ഫാര്‍ മുഹമ്മദലിയുടെ വലിയൊരു സ്വപ്‌ന സാക്ഷാത്കാരമാണ് മാലിദ്വീപില്‍ വിരിഞ്ഞ കുടാ വില്ലിംഗിലി റിസോര്‍ട്ട്.
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദങ്ങളുടെ തീരം എന്നും ഏറ്റവും സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി സമ്മാനിക്കാവുന്ന അപൂര്‍വ്വ നിമിഷങ്ങളുടെ തണലിടം എന്നും ഈ റിസോര്‍ട്ടിനെ വിശേഷിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യവും സുരക്ഷിതത്വവും, തികഞ്ഞ സ്വകാര്യതയും സമ്മാനിക്കുന്ന ഒരു സ്‌നേഹക്കൊട്ടാരമാണ് കുടാ വില്ലിംഗിലി റിസോര്‍ട്ട് എന്ന് അടുത്തിടെ റിസോര്‍ട്ട് സന്ദര്‍ശിച്ച ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി ഡയറക്ടറും കാസര്‍കോട് സ്വദേശിയുമായ ഖാദര്‍ തെരുവത്ത് ഉത്തരദേശത്തോട് പറഞ്ഞു.
ഉദ്ഘാടനത്തിന് മുമ്പേ റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ ഗള്‍ഫാര്‍ മുഹമ്മദലി ആദ്യം ക്ഷണിച്ച അതിഥികളില്‍ ഒരാള്‍ ആത്മ സുഹൃത്തായ ഖാദര്‍ തെരുവത്താണ്. ലോകത്തെ വമ്പന്‍ രാജ്യങ്ങള്‍ നിരവധി തവണ സന്ദര്‍ശിച്ച് അനുഭവങ്ങള്‍ ഏറെയുള്ള ഖാദര്‍ തെരുവത്തിന് കുടാ റിസോര്‍ട്ടിനെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ലായിരുന്നു.
'കടലിനടിയില്‍ നിന്ന് രത്‌നങ്ങള്‍ വാരിയെടുത്ത് മുന്നില്‍വെച്ചാല്‍ വര്‍ണിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ കുടാ റിസോര്‍ട്ടിനെ കുറിച്ച് വര്‍ണിക്കാന്‍ എന്റെ പക്കല്‍ വാക്കുകളില്ല. അത്രയ്ക്ക് അത്ഭുതകരവും അവര്‍ണനീയവുമാണ്. 'റിയലി അമേസിങ്.... 'ഖാദര്‍ തെരുത്ത് വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. 'ഞാന്‍ ലോകത്ത് പല അത്ഭുതങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ ഇത് ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അപൂര്‍വ്വ സമ്മാനം തന്നെയാണ്. നമ്മുടെ കേരളത്തില്‍ ജനിച്ച ഒരാളുടെ മനസില്‍ വിരിഞ്ഞ സ്വപ്‌നം എത്ര മനോഹരമാണ്. ആ ഡ്രീം എത്ര സുന്ദരമായാണ് മുഹമ്മദലി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. സ്വര്‍ഗം എന്നൊക്കെ പറയാറുണ്ട്. അത്രക്ക് ആനന്ദകരമായ അനുഭൂതിയാണ് കുടാ റിസോര്‍ട്ട് ഓരോ നിമിഷവും സമ്മാനിക്കുന്നത്'-ഖാദര്‍ തെരുവത്ത് പറഞ്ഞു.


വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആനന്ദത്തിന്റെ നീലിമയൊഴുകുന്ന ജലപ്പരപ്പിലൂടെ ആഢംബര ലക്ഷ്വറി ബോട്ടില്‍ വെറും 25 മിനുറ്റ് സഞ്ചരിച്ചാല്‍ നോര്‍ത്ത് മാലി അടോളിലെത്താം. ഇവിടെയാണ് ആനന്ദത്തിന്റെ അതിരറ്റ മുഹൂര്‍ത്തങ്ങളിലേക്ക് വാതില്‍തുറക്കുന്ന കുടാറിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് ആഢംബര ലക്ഷ്വറി ബോട്ടില്‍ ഉള്ള യാത്ര മുതല്‍ക്കേ തുടങ്ങുന്നു ആഹ്ലാദത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍. വിവിധ കലകളുടെയും ആര്‍ട്ട് വര്‍ക്കുകളുടെയും മനോഹാരിതയും ഇവിടെ തീര്‍ത്തിട്ടുണ്ട്. പൈതൃകം നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങളും ഇവിടെ നിന്നും അനുഭവിക്കാന്‍ കഴിയുന്നു. നിര്‍മ്മാണ ഭംഗിയും ഓരോ വില്ലകളോടും ചേര്‍ന്നൊരുക്കിയ പൂളും നല്‍കുന്ന ആനന്ദത്തിനും കണക്കില്ല. കടലിലെ മത്സ്യങ്ങളെ കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ട് പൂളില്‍ നീന്തിക്കുളിക്കാനുള്ള സൗകര്യവും മറ്റൊരു വിസ്മയമാണ്. ഇതുവരെ അനുഭവിച്ചറിയാത്ത രുചി ഭേദങ്ങളും കുടാ റിസോര്‍ട്ട് അതിഥികള്‍ക്ക് സമ്മാനിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തത് കാസര്‍കോട്ട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
പറുദീസയുടെ തുണ്ടുപോലെ, മാലിദ്വീപില്‍ ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ കുടാ വില്ലിംഗില്‍ റിസോര്‍ട്ട് എന്ന വിസ്മയ തീരം നിര്‍മ്മിച്ച പ്രമുഖ വ്യവസായിയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ഗള്‍ഫാര്‍ മുഹമ്മദലി അടുത്ത സമ്മാനമായി കാസര്‍കോട്ടേക്ക് ചികിത്സാ രംഗത്തെ പരിമിതികള്‍ മൂലം വീര്‍പ്പുമുട്ടുന്ന കാസര്‍കോട്ട് ഗള്‍ഫാര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ആത്മസുഹൃത്ത്, ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറും കാസര്‍കോട് സ്വദേശിയുമായ ഖാദര്‍ തെരുവത്തിന്റെ ആഗ്രഹം മാനിച്ചാണ് ഡോ. ഗള്‍ഫാര്‍ മുഹമ്മദലി കാസര്‍കോട്ടെ ആദ്യത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ താല്‍പര്യം അറിയിച്ചത്.
കാസര്‍കോട്ട് നല്ലൊരു ആസ്പത്രി പോലുമില്ലാതെ രോഗികള്‍ വലിയ ദുരിതം അനുഭവിക്കുകയാണെന്നും ഗുരുതര രോഗികളെയും കൊണ്ട് ഇവിടത്തെ ജനങ്ങള്‍ക്ക് മംഗലാപുരത്തേക്കും മണിപ്പാലിലേക്കും തലങ്ങും വിലങ്ങും നെട്ടോട്ടം ഓടേണ്ട ദയനീയാവസ്ഥയിലാണെന്നും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഉടന്‍ തന്നെ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട്ട് സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് ഡോ. ഗള്‍ഫാര്‍ മുഹമ്മദലി സന്തോഷപൂര്‍വ്വം അറിയിക്കുകയായിരുന്നുവെന്ന് ഖാദര്‍ തെരുവത്ത് ഉത്തരദേശത്തോട് പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ ഭരണ സിരാകേന്ദ്രമായ വിദ്യാനഗറില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയുള്ള കല്ലക്കട്ടയിലാണ് ഹോസ്പിറ്റല്‍ പണിയുക. ഏറ്റവും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയായിരിക്കും നിര്‍മ്മിക്കുക. പ്രാഥമിക നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി താമസിയാതെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആസ്പത്രി നടത്തിപ്പില്‍ നൈപുണ്യം നേടിയ മികച്ച ഒരു ടീമായിരിക്കും നേതൃത്വം നല്‍കുകയെന്നും കാസര്‍കോട്ട് മികച്ച ഒരു ചികില്‍സാ കേന്ദ്രം ഇല്ലെന്ന പരാതി ഇതോടെ അവസാനിക്കുമെന്നും ഖാദര്‍ തെരുവത്ത് കുട്ടിച്ചേര്‍ത്തു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചിട്ടത് മൂലം കാസര്‍കോട്ടെ രോഗികള്‍ അനുഭവിച്ച കൊടിയ ദുരിതത്തിന്റെ കഥകള്‍ എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചിരുന്നു. ഗള്‍ഫാര്‍ മുഹമ്മദലി അടുത്ത് തന്നെ കാസര്‍കോട് സന്ദര്‍ശിക്കും. ആധുനിക ചികിത്സക്ക് ഉപകരിക്കുന്ന നൂതനമായ ചികിത്സാ സംവിധാനങ്ങളും ലോകോത്തര ചികിത്സാ ഉപകരണങ്ങളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരുക്കും. പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. 2023 ഓടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഖാദര്‍ തെരുവത്ത് വ്യക്തമാക്കി.

Related Articles
Next Story
Share it