കുമ്പള: പതിവ് തെറ്റിക്കാതെ കോട്ടിക്കുളം അക്കര തറവാട്ടുകാര് ഉണ്ണിയപ്പ നേര്‍ച്ച നേര്‍ന്ന് ഇത്തവണയും പേരാല്‍ കണ്ണൂര്‍ പള്ളിയിലെത്തി. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉണ്ണിയപ്പം എത്തിക്കാനാവാത്തതിന്റെ സങ്കടവും അവര്‍ക്കുണ്ട്. നൂറ്റാണ്ട് മുമ്പാണ് കോട്ടിക്കുളം അക്കര തറവാട്ടുകാര് പേരാല്‍ കണ്ണൂര്‍ പള്ളിയിലേക്ക് ഉണ്ണിയപ്പം നേര്‍ച്ച നേര്‍ന്നത്.
തറവാട്ടില്‍ പെണ്‍കുട്ടികള്‍ പിറക്കുന്നത് കുറവായതും പെണ്‍കുട്ടികള്‍ പിറന്നാല്‍ രോഗം പിടിപെടുന്നതും മൂലമാണ് ഉണ്ണിയപ്പം നേര്‍ച്ച നേര്‍ന്നത്.
പിന്നീട് എല്ലാവര്‍ഷവും റമദാന് 23ന് അക്കര തറവാട്ടുകാര് കണ്ണൂര്‍ പള്ളിയില്‍ ഉണ്ണിയപ്പം എത്തിക്കും.
15 പേരടങ്ങുന്ന സംഘമാണ് എണ്ണായിരത്തോളം ഉണ്ണിയപ്പം ബോക്സുകളിലാക്കി എത്തിക്കുന്നത്. പിന്നീട് ഇത് സീതി വലിയുല്ലാഹി മഖ്ബറയില്വെച്ച് ജമാഅത്ത് ഭാരവാഹികള്‍ക്ക് കൈമാറുകയാണ് പതിവ്. ഇതില്‍ നിന്ന് 250 ഉണ്ണിയപ്പം അക്കര കുടുംബത്തിന് ജമാഅത്ത് കമ്മിറ്റി കൈമാറും.
അക്കര തറവാട്ടിലെ സ്ത്രീകളാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്.
കണ്ണൂര്‍ പള്ളിയില്‍ നോമ്പുതുറന്ന ശേഷമാണ് അവര്‍ മടങ്ങുക. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് അക്കര തറവാട്ട് അംഗങ്ങള്‍ കണ്ണൂര്‍ പള്ളിയിലെത്തിയത്.