ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

കുമ്പള: മുക്കാല്‍ നൂറ്റാണ്ട് കാലം നാടിനും ദീര്‍ഘദൂര യാത്രക്കാരായ ലോറി ഡ്രൈവര്‍മാര്‍ക്കും രുചികരമായ ഭക്ഷണം വിളമ്പിയ കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ന്യൂ ടൂറിസ്റ്റും ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലംപൊത്തി. ഒരു കാലത്ത് കണ്ണൂര്‍-മംഗളൂരു ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാരുടെ വിശപ്പടക്കിയ കുമ്പളയിലെ ഹോട്ടല്‍ ന്യൂ ടൂറിസ്റ്റ് ഇന്നലെയാണ് പൊളിച്ച് നീക്കിയത്. 75 വര്‍ഷം മുമ്പ് മുഹമ്മദ് നടുത്തോപ്പ് ആണ് നടുത്തോപ്പ് ഹോട്ടല്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഒറ്റ മുറിയില്‍ തുടങ്ങിയത്. അന്ന് വാഹനങ്ങള്‍ തീരെ […]

കുമ്പള: മുക്കാല്‍ നൂറ്റാണ്ട് കാലം നാടിനും ദീര്‍ഘദൂര യാത്രക്കാരായ ലോറി ഡ്രൈവര്‍മാര്‍ക്കും രുചികരമായ ഭക്ഷണം വിളമ്പിയ കുമ്പള റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ന്യൂ ടൂറിസ്റ്റും ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലംപൊത്തി. ഒരു കാലത്ത് കണ്ണൂര്‍-മംഗളൂരു ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാരുടെ വിശപ്പടക്കിയ കുമ്പളയിലെ ഹോട്ടല്‍ ന്യൂ ടൂറിസ്റ്റ് ഇന്നലെയാണ് പൊളിച്ച് നീക്കിയത്.
75 വര്‍ഷം മുമ്പ് മുഹമ്മദ് നടുത്തോപ്പ് ആണ് നടുത്തോപ്പ് ഹോട്ടല്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഒറ്റ മുറിയില്‍ തുടങ്ങിയത്. അന്ന് വാഹനങ്ങള്‍ തീരെ കുറവായിരുന്നു. കാളവണ്ടിയും സൈക്കിളുമായിരുന്നു അധികപേരും ഉപയോഗിച്ചിരുന്നത്. അന്ന് ദിവസം എട്ടോ പത്തോ പേര്‍ ചായ കുടിക്കാന്‍ എത്തുമായിരുന്നു. അന്ന് ഊണ് ഇല്ലായിരുന്നു. മുട്ട പുഴുങ്ങിയതും കല്‍ത്തപ്പവും ബിസ്‌ക്കറ്റുമായിരുന്നു ചായക്കൊപ്പം നല്‍കിയിരുന്നത്. അന്ന് ചായക്ക് 5 പൈസയെന്നാണ് ചിലരുടെ ഓര്‍മ്മ. വര്‍ഷങ്ങള്‍ക്ക് ശേഷം റോഡ് വികസനത്തിന്റെ ഭാഗമായി ഈ ഹോട്ടല്‍ പൊളിച്ചു മാറ്റി.
പിന്നീട് സമീപത്ത് തന്നെ ഒരു വാടക കെട്ടിടത്തിലേക്ക് നടുത്തോപ്പ് ഹോട്ടല്‍ മാറ്റുകയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം ഹോട്ടലില്‍ തിരക്ക് കൂടിയതോടെ സമീപത്തായി രണ്ട് നില കെട്ടിടം പണിതീര്‍ത്ത് താഴത്തെ നിലയില്‍ ഹോട്ടല്‍ അസാരിയ എന്ന് പേരില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലായി പ്രവര്‍ത്തിച്ചുതുടങ്ങി.
കര്‍ണാടക ഉഡുപ്പിക്കും കണ്ണൂരിനും ഇടയില്‍ ദേശീയപാതയില്‍ രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന ഏക ഹോട്ടല്‍ കുമ്പളയിലെ അസാരിയ ഹോട്ടലായിരുന്നു. ഇത് ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്കും പുലര്‍ച്ച മുംബൈയില്‍ നിന്ന് എത്തുന്ന ബസ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമായിരുന്നു. പിതാവിനെ സഹായിക്കാന്‍ മക്കളായ എന്‍.അബ്ദുല്ലയും അബ്ബാസും എത്തിയതോടെ സ്വാദിഷ്ടമായ വിഭവങ്ങള്‍ ഹോട്ടലില്‍ നിറഞ്ഞു. ഇതോടെ കച്ചവടം ഉഷാറായി. പിന്നീട് ദിവസം തോറും കച്ചവടം വര്‍ദ്ധിച്ചു വരികയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ റോഡ് വികസനത്തിന്റെ പേരില്‍ അസാരിയ ഹോട്ടലും പൊളിച്ച് മാറ്റേണ്ടിവന്നു. 150 മീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാര്‍ ഭാഗത്തായി സ്വന്തം കെട്ടിടത്തില്‍ ഹോട്ടല്‍ ടൂറിസ്റ്റ് എന്ന പേരിലാണ് പിന്നീട് തുടങ്ങിയത്. രാത്രി കാലങ്ങളില്‍ നാടിന്റെ പല ഭാഗത്ത് നിന്നും നിരവധി പേര്‍ ഇവിടെ എത്തുമായിരുന്നു. അന്ന് ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്ന ലോറി ഡ്രൈവര്‍മാരെ കുമ്പള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിരട്ടി ഓടിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പാതിരാത്രിയില്‍ റോഡില്‍ കാത്തിരുന്ന് ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണവും മറ്റും വാങ്ങി നല്‍കുന്നത് കാണുമ്പോള്‍ എത്ര പെട്ടന്നാണ് കാലം മാറിയതെന്ന് മുഹമ്മദ് നടുത്തോപ്പിന്റെ കുടുംബക്കാര്‍ പറയുന്നു. ഹോട്ടലില്‍ എത്തുന്ന ആള്‍ക്കാരുടെ തിരക്ക് കൂടുകയും വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യം കുറയുകയും ചെയ്തതോടെ 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ മുന്‍വശത്ത് ന്യൂ ഹോട്ടല്‍ ടൂറിസ്റ്റ് എന്ന പേരില്‍ താഴത്തെ നിലയില്‍ ഹോട്ടലും മുകളിലെ നിലയില്‍ ലോഡ്ജുമായി പ്രവര്‍ത്തനം തുടങ്ങിയത്.
ഇപ്പോള്‍ ന്യൂ ഹോട്ടല്‍ ടൂറിസ്റ്റിന് വീണ്ടും സ്ഥാനചലനം വന്നിരിക്കുകയാണ്. ദേശീയപാത വികസനത്തിന് വേണ്ടി ഒരാഴ്ച മുമ്പാണ് ഹോട്ടലും ലോഡ്ജും പൊളിക്കാന്‍ തുടങ്ങിയത്. ഇന്നലെ പൂര്‍ണമായി പൊളിച്ച് മാറ്റി. ഒരു സമയത്ത് ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാരും മറ്റുള്ളവരും നാട്ടുകാരും ഹോട്ടല്‍ നിലം പതിക്കുന്നത് ദു:ഖത്തോടെയാണ് കണ്ടുനിന്നത്.
പലരും മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാമായിരുന്നു. ഇനി എതിര്‍വശത്ത് നേരത്തെ അസാരിയ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ ഹോട്ടല്‍ പ്രവര്‍ത്തിക്കും.

Related Articles
Next Story
Share it