ബദിയടുക്ക: കുടിവെള്ള പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാത്തിലെ വാര്‍ഡ് തലങ്ങളില്‍ സ്ഥാപിച്ച കിയോസ്‌ക് ടാങ്കുകള്‍ ആര്‍ക്കും വേണ്ടാതെ ഉപയോഗ ശൂന്യമായി മാറുന്നു. സര്‍ക്കാര്‍ ഖജനവില്‍ നിന്ന് വന്‍ തുക ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി ജനങ്ങള്‍ക്ക് എവിടെയും ഉപകരിക്കുന്നില്ലെന്നെതിന് ഉദാഹാരണമാണ് ഇത്തരം പദ്ധതികള്‍.
നാല് വര്‍ഷം മുമ്പാണ് സംസ്ഥാനത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡു തലങ്ങളില്‍ നിശ്ചിത സ്ഥലങ്ങളില്‍ ഫൈബര്‍ കിയോസ്‌ക് ടാങ്കുകള്‍ സ്ഥാപിച്ചത്. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് നിറക്കുകയും അവിടെ നിന്നും ആവശ്യക്കാര്‍ ജലം കൊണ്ടുപോകണമെന്ന വ്യവസ്ഥയിലായിരുന്നു പദ്ധതി നടപ്പാക്കിയത്. അതേസമയം പല വാര്‍ഡുകളിലും ടാങ്ക് സ്ഥാപിച്ചതല്ലാതെ വെള്ളം നിറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല. എങ്ങനെയാണ് ടാങ്കില്‍ വെള്ളം നിറക്കുക, ഇതിനുള്ള തുക ഏത് ഫണ്ടില്‍ നിന്നും വകയിരുത്തും തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വ്യക്തത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഇതു മൂലം എന്തു ചെയ്യണമെന്നറിയാതെ ടാങ്കുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിക്കുക മാത്രമാണുണ്ടായത്. അതും എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ചതുമില്ല. ബദിയടുക്ക, എണ്‍മകജെ പഞ്ചായത്തുകളില്‍ എട്ടും കുംബഡാജെയില്‍ അഞ്ചും കാറഡുക്കയില്‍ ആറും ടാങ്കുകളുമാണ് ലഭിച്ചത്. ചില പഞ്ചായത്തുകളില്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് കിയോസ്‌ക് ടാങ്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പലയിടത്തും വെയിലും മഴയുമേറ്റ് നശിക്കുകയാണ്.