ഇരിക്കൂര്‍: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 20 പവന് സ്വര്‍ണവും 22000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയും കൊല്ലം സ്വദേശിയും ഇരിക്കൂറില്‍ പിടിയിലായി. ഉപ്പള മുസോടി ശാരദാനഗറിലെ കിരണ്‍ (29), കൊല്ലം ഏഴുകോണിലെ അഭിരാജ് (31) എന്നിവരെയാണ് ഇരിക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിക്കൂര്‍ പടിയൂരിലെ ചടച്ചിക്കുണ്ടത്തെ ബെന്നിജോസഫിന്റെ വീട് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാവിലെയാണ് സംഭവം. വീട്ടുകാര്‍ കുര്‍ബാനക്ക് പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. വീട്ടിലെ നിരീക്ഷണക്യാമറകള്‍ തകര്‍ത്ത് ഹാര്‍ഡ് ഡിസ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പിറകുവശത്തെ വര്‍ക്ക് ഏരിയയുടെ ഗ്രില്ലും തകര്‍ത്തിരുന്നു. ഇന്നലെ പറശിനിക്കടവ് ധര്‍മശാലയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ജയില്‍ ശിക്ഷക്കിടെ പുറത്തിറങ്ങിയ ഇരുവരും രണ്ടുദിവസമായി പറശിനിക്കടവ് ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. സ്കൂട്ടറില്‍ കറങ്ങിയാണ് രണ്ടുപേരും കവര്‍ച്ച നടത്താറുള്ളത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജനമ്പര്‍ പതിച്ച സ്കൂട്ടര്‍ മോഷ്ടിച്ചതാണോയെന്ന് പൊലീസ് സംശയിക്കുന്നു.