യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റി സുരേഷിന്റെയും ചന്ദ്രന്റെയും നന്മ മനസ്

കാസര്‍കോട്: ബസ് ഉടമയുടെ നല്ല മനസിന് നന്ദി പറയുകയാണ് എരിഞ്ഞിപ്പുഴ, ബന്തടുക്ക പ്രദേശത്തെ യാത്രക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ ഇപ്പോള്‍ ബോവിക്കാനം എരിഞ്ഞിപ്പുഴ വഴിയുള്ള കാസര്‍കോട്-ബന്തടുക്ക റൂട്ടില്‍ പുനരാരംഭിച്ചെങ്കിലും ഞായറാഴ്ച്ചകളില്‍ ഈ റൂട്ടില്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയായിരുന്നു. ഇത് മനസ്സിലാക്കി ബസ് ഉടമ ജീവനക്കാരോട് നഷ്ടം സഹിച്ചും ഞായറാഴ്ച്ച മുടങ്ങാതെ സര്‍വ്വീസ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ബസ് ഞായറാഴ്ച്ചകളില്‍ വിവാഹ, ബന്ധു വീടുകളിലടക്കം പോകുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. […]

കാസര്‍കോട്: ബസ് ഉടമയുടെ നല്ല മനസിന് നന്ദി പറയുകയാണ് എരിഞ്ഞിപ്പുഴ, ബന്തടുക്ക പ്രദേശത്തെ യാത്രക്കാര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ ഇപ്പോള്‍ ബോവിക്കാനം എരിഞ്ഞിപ്പുഴ വഴിയുള്ള കാസര്‍കോട്-ബന്തടുക്ക റൂട്ടില്‍ പുനരാരംഭിച്ചെങ്കിലും ഞായറാഴ്ച്ചകളില്‍ ഈ റൂട്ടില്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയായിരുന്നു. ഇത് മനസ്സിലാക്കി ബസ് ഉടമ ജീവനക്കാരോട് നഷ്ടം സഹിച്ചും ഞായറാഴ്ച്ച മുടങ്ങാതെ സര്‍വ്വീസ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ബസ് ഞായറാഴ്ച്ചകളില്‍ വിവാഹ, ബന്ധു വീടുകളിലടക്കം പോകുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. ഡ്രൈവര്‍ ബേഡകത്തെ സുരേഷും കണ്ടക്ടര്‍ ബേഡകം ബീംബുങ്കാലിലെ ചന്ദ്രനും ഞായറാഴ്ചകളില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാവുന്നതില്‍ വലിയ സംതൃപ്തിയിലാണ്.
അമേരിക്കയില്‍ ശാസ്ത്രജ്ഞനായ കോട്ടയം സ്വദേശി ജോണ്‍ മാത്യുവാണ് ബസ് ഉടമ. ബന്തടുക്കയില്‍ മെഡിക്കല്‍ നടത്തുന്ന ശ്രീധരനാണ് മാനേജര്‍. ബന്തടുക്കയില്‍ നിന്ന് രാവിലെ 7.15 നാണ് കാസര്‍കോട്ടേക്ക് ബസ് പുറപ്പെടുന്നത്. കാസര്‍കോട്ടേക്ക് എത്തുന്ന ബസ് തിരിച്ച് 9.15ന് പുറപ്പെടും. അവിടെ നിന്ന് 11.10 ഓടെ കാസര്‍കോട്ടേക്ക് വീണ്ടും പുറപ്പെടും. തിരിച്ച് വൈകീട്ട് 5.20 ഓടെ മടങ്ങും.
ചന്ദ്രനും സുരേഷും രാവിലെ ആറരയോടെ തുടങ്ങുന്ന ജോലി അവസാനിക്കുമ്പോള്‍ രാത്രി ഏഴ് മണി കഴിയും. പിന്നീട് ബസ് കഴുകി, എഞ്ചിനൊക്കെ പരിശോധിച്ച് കഴിഞ്ഞ് വീടണയുമ്പോള്‍ എട്ട് മണി കഴിയും. ഞായറാഴ്ച്ചകളില്‍ കളക്ഷനും മറ്റുള്ള ദിവസങ്ങളെ പോലെ യാത്രക്കാരും കുറവായതിനാലാണ് ബസുകള്‍ സര്‍വീസുകള്‍ നടത്താത്തത്.
എന്നാല്‍ ബസില്ലെന്ന കാരണത്താല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടരുതെന്ന ഉടമയുടെ നിര്‍ദ്ദേശം ഇവര്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഞായറാഴ്ച്ചകളില്‍ കുടുംബത്തോടൊപ്പം കഴിയുന്നതില്‍ നിന്നും ബന്ധുക്കളുടെ വിവാഹ ആഘോഷങ്ങളില്‍ നിന്നും യാത്രക്കാര്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.

Related Articles
Next Story
Share it