ഒറ്റക്കെട്ടായ ശ്രമങ്ങള്‍ വേണം; പ്രഥമ പരിഗണന ആരോഗ്യ മേഖലയുടെ പുരോഗതിക്ക് തന്നെ -സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.

കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി ഉത്തരദേശം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും ശ്ലാഘനീയമായിട്ടുണ്ട്. ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ക്യാമ്പയിനായതുകൊണ്ട് മണ്ഡലത്തില്‍ മാത്രം ഒതുങ്ങി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'നമ്മുടെ ജില്ല' എന്ന ചിന്തയിലൂന്നിയുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. ആ കൂട്ടായ പ്രവര്‍ത്തനത്തിന് എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ മുന്‍നിരയിലുണ്ടാവുമെന്ന് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. ഉത്തരദേശം ആരംഭിച്ച 'കാസര്‍കോടിന് മുന്നേറണം' വികസന ക്യാമ്പിനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്റെ മണ്ഡലത്തിലല്ല. […]

കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി ഉത്തരദേശം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലായിപ്പോഴും ശ്ലാഘനീയമായിട്ടുണ്ട്. ജില്ലയുടെ വികസനത്തെ കുറിച്ചുള്ള ക്യാമ്പയിനായതുകൊണ്ട് മണ്ഡലത്തില്‍ മാത്രം ഒതുങ്ങി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ ജനപ്രതിനിധികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 'നമ്മുടെ ജില്ല' എന്ന ചിന്തയിലൂന്നിയുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. ആ കൂട്ടായ പ്രവര്‍ത്തനത്തിന് എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ മുന്‍നിരയിലുണ്ടാവുമെന്ന് ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. ഉത്തരദേശം ആരംഭിച്ച 'കാസര്‍കോടിന് മുന്നേറണം' വികസന ക്യാമ്പിനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്റെ മണ്ഡലത്തിലല്ല. എന്നാല്‍ ഉദ്ദേശിച്ച തരത്തില്‍ മെഡിക്കല്‍ കോളേജ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാവണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി നിയമസഭയില്‍ ശബ്ദിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയാണ്. ടാറ്റാ ആസ്പത്രി കണ്ടെയ്‌നറുകളില്‍ മാത്രം ഒതുങ്ങിയാല്‍ പോര. അത് വലിയതോതില്‍ വികസിക്കേണ്ടതുണ്ട്. ഒരു സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി അതിനെ മാറ്റണം. ടാറ്റയുടെ സഹായത്തെ പ്രാരംഭ സഹായമായി കണ്ട് അത് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജിത ശ്രമം നടത്തണമെന്ന് സര്‍ക്കാറിനോട് നിരന്തരം ആവശ്യപ്പെടും. എയിംസ് കേരളത്തിന് അനുവദിച്ചുകിട്ടുകയാണെങ്കില്‍ അത് കാസര്‍കോട്ട് വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ മുഴുവന്‍ ജനപ്രതിനിധികളും ഒറ്റക്കെട്ടായി ശബ്ദിക്കും. എയിംസിന് അനുയോജ്യവും ആവശ്യവുമായ സ്ഥലം ഇവിടെയുണ്ട്.

ടൂറിസം മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, അദ്ദേഹം വരും
ടൂറിസം മേഖലയില്‍ ബി.ആര്‍.ഡി.സിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജില്ലയില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്ന് ഉദുമയാണ്.
ബി.ആര്‍.ഡി.സിക്ക് കീഴില്‍ പുതിയ പ്രൊജക്ടുകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഇവിടെ പ്രോപ്പര്‍ട്ടി ലീസിന് കൊടുത്ത് ആരംഭിച്ച പല പദ്ധതികളും പാതിവഴിക്ക് നില്‍ക്കുകയാണ്. ഇതൊക്കെ ഒന്ന് ഉണര്‍ത്തിക്കൊണ്ടുവരണം. അതിന് മുന്നോടിയായി ഒരു ഉന്നതതല യോഗം വിളിച്ചുചേര്‍ക്കേണ്ടതുണ്ട്. ടൂറിസം വകുപ്പ് മന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അദ്ദേഹം കാസര്‍കോട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. പല പദ്ധതികളും പുനരുജ്ജീവിപ്പിക്കാനും പുതിയ പദ്ധതികള്‍ കൊണ്ടുവരാനും എം.എല്‍.എ എന്ന നിലയില്‍ ഞാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ ടൂറിസം ഡവലപ്പ് ചെയ്യുന്നതോടൊപ്പം മറ്റ് ടൂറിസം മേഖലകളെ കൂടി ലിങ്ക് ചെയ്ത് വികസിപ്പിക്കാനുള്ള നടപടികള്‍ എന്റെ ഭാഗത്ത് നിന്നുണ്ടാവും. ബീച്ച് ടൂറിസം വികസിപ്പിക്കാനും നടപടികള്‍ ത്വരിതപ്പെടുത്തും. കാപ്പില്‍ ബീച്ച് വളരെ മനോഹരമായ ഒരു തീരമാണ്. ഇത് കൂടുതല്‍ മോഡിഫൈ ചെയ്യാന്‍ പ്രൊജക്ട് തയ്യാറാക്കുന്നുണ്ട്. അത് ഉടനെയുണ്ടാവും.

വ്യവസായ രംഗത്ത് മാറ്റമുണ്ടാക്കും
വ്യാവസായിക രംഗത്ത് കുറച്ചുകൂടി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ലെങ്കിലും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. മണ്ഡലത്തില്‍ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ എന്റെ സ്വപ്‌നത്തിലുണ്ട്. അതിന് വേണ്ടിയുള്ള ശക്തമായ ഇടപെടല്‍ നടത്തും. വ്യവസായ സ്ഥാപനങ്ങള്‍ വരുമ്പോള്‍ ചിലര്‍ക്കെങ്കിലും ജോലി നല്‍കാന്‍ കഴിയും. പദ്ധതികള്‍ തുടങ്ങാന്‍ ആവശ്യമായ സ്ഥലവും സൗകര്യങ്ങളുമൊക്കെ ഇവിടെയുണ്ട്.

ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതിയോ എന്ന് ചോദിച്ചാല്‍ പോര
വിദ്യാഭ്യാസ മേഖലയില്‍ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും കുറവാണ്. സാങ്കേതിക മേഖലയില്‍ മെച്ചപ്പെട്ട കോഴ്‌സുകള്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊജക്ടുകള്‍ തയ്യാറാക്കി വരികയാണ്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോഡേണ്‍ റസിഡന്‍സ് സ്‌കൂള്‍ വികസിപ്പിക്കേണ്ടതുണ്ട്.
ഉദുമക്ക് അനുവദിച്ച ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രാരംഭഘട്ടത്തിലാണ്. പുതിയ കോഴ്‌സുകള്‍ അനുവദിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാന്‍ ശക്തമായ പരിശ്രമം നടത്തും.

ചെക്ക് ഡാം വന്നതോടെ പുഴകളില്‍ യഥേഷ്ടം വെള്ളം, ഇവ കൃഷിക്ക് അനുയോജ്യമാക്കും
ബാവിക്കര ചെക്ക് ഡാം വന്നതോടെ കരിച്ചേരി പുഴയിലും എരിഞ്ഞിപ്പുഴയിലും വേനല്‍കാലത്ത് പോലും യഥേഷ്ടം വെള്ളം ലഭിക്കുന്നു. ഇത് കൃഷിക്ക് അനുയോജ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ജാല്‍സൂര്‍ റോഡ് കാലത്തിനനുസൃതമായ വികസിച്ചിട്ടില്ല. ഇത് വികസിപ്പിക്കാനുള്ള ശ്രമം നടത്തും. സാംസ്‌കാരിക മേഖലയിലും വലിയ ഉന്നതിക്ക് വേണ്ടി തന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാകുമെന്നും സി.എച്ച് കുഞ്ഞമ്പു പറഞ്ഞു.

Related Articles
Next Story
Share it