75 വര്‍ഷം മുമ്പ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ കുടുംബം ഇപ്പോഴും പോരാട്ടത്തില്‍

നീലേശ്വരം; 75 വര്‍ഷം മുമ്പ് ജന്മി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം പേരോല്‍ മാരാംകാവില്‍ കുടുംബം ഇപ്പോഴും നിയമപോരാട്ടത്തില്‍. മാരാംകാവില്‍ കൃഷ്ണദാസും കുടുംബവുമാണ് നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നത്. കൃഷ്ണദാസിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ നഷ്ടമായ ഭൂമിക്ക് വേണ്ടി വര്‍ഷങ്ങളോളം സമരത്തിലായിരുന്നു. എന്നാല്‍ ലക്ഷ്യം കാണാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി. അച്ഛന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന സമരം ഇതോടെ മകന്‍ കൃഷ്ണദാസിന് ഏറ്റെടുക്കേണ്ടിവരികയായിരുന്നു. വയസ് 58 ആയെങ്കിലും വീര്യം ഒട്ടും ചോരാതെയാണ് കൃഷ്ണദാസ് നീതിനിഷേധത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നത്. മാരാംകാവില്‍ കുഞ്ഞിരാമന് പേരോല്‍ വില്ലേജില്‍ […]

നീലേശ്വരം; 75 വര്‍ഷം മുമ്പ് ജന്മി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം പേരോല്‍ മാരാംകാവില്‍ കുടുംബം ഇപ്പോഴും നിയമപോരാട്ടത്തില്‍. മാരാംകാവില്‍ കൃഷ്ണദാസും കുടുംബവുമാണ് നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നത്. കൃഷ്ണദാസിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍ നഷ്ടമായ ഭൂമിക്ക് വേണ്ടി വര്‍ഷങ്ങളോളം സമരത്തിലായിരുന്നു. എന്നാല്‍ ലക്ഷ്യം കാണാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി. അച്ഛന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന സമരം ഇതോടെ മകന്‍ കൃഷ്ണദാസിന് ഏറ്റെടുക്കേണ്ടിവരികയായിരുന്നു. വയസ് 58 ആയെങ്കിലും വീര്യം ഒട്ടും ചോരാതെയാണ് കൃഷ്ണദാസ് നീതിനിഷേധത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നത്. മാരാംകാവില്‍ കുഞ്ഞിരാമന് പേരോല്‍ വില്ലേജില്‍ തറവാട്ട് സ്വത്തായി ലഭിച്ച ഒരു ഏക്കര്‍ 58 സെന്റ് സ്ഥലമാണ് 1945ല്‍ നമ്പ്യാര്‍ കുടുംബത്തിലെ ഒരു ജന്മി കൈവശപ്പെടുത്തിയത്. 1932 മുതല്‍ താവഴിയായി കൈവശം വെച്ച് വന്ന സ്വത്ത് കയ്യൂര്‍ സമരകാലത്ത് ഏഴ് രൂപ നികുതിപ്പണം അടച്ചില്ലെന്ന കാരണത്താല്‍ 1945ല്‍ അന്യാധീനപ്പെട്ടുപോകുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് വരെ പരാതി നല്‍കിയിട്ടും ഭൂമി തിരിച്ചുകിട്ടുന്നതിന് അധികാരികളില്‍ നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് കൃഷ്ണദാസ് പറയുന്നു. ഈ കാലയളവില്‍ മാരാംകാവില്‍ കുഞ്ഞിരാമന്റെ കുടുംബത്തിലെ ഒമ്പതുപേര്‍ ആത്മഹത്യ ചെയ്തു.
1982ല്‍ കേസ് ഹൈക്കോടതിയിലെത്തുകയും മുതിര്‍ന്ന അഭിഭാഷകനായിരുന്ന ശിവരാമന്‍നായര്‍ കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ശിവരാമന്‍ നായര്‍ ഹൈക്കോടതി ജഡ്ജിയായതോടെ മാരാംകാവ് കുടുംബം ആരോപണവുമായി രംഗത്തുവരികയും ജഡ്ജിയുടെ വസതിക്ക് മുന്നില്‍ സത്യാഗ്രഹത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരം നടത്താന്‍ കഴിഞ്ഞില്ല. കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയില്‍ കുടുംബം 1996ല്‍ ടെന്റ് കെട്ടിയും 1997ല്‍ സെക്രട്ടറിയേറ്റിന് മുന്നിലും നിരാഹാരസമരം നടത്തിയിരുന്നു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നീതിയുടെ വാതില്‍ അടഞ്ഞുതന്നെ കിടന്നു.
1998ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ സഞ്ചരിച്ച വാഹനം നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ വെച്ച് തടഞ്ഞതിന് മാരാംകാവ് കുഞ്ഞിരാമനും മകന്‍ കൃഷ്ണദാസും അറസ്റ്റിലായിരുന്നു. 2007ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ കാസര്‍കോട്ടെത്തുന്ന വിവരമറിഞ്ഞ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിനും ഇരുവരും അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ മാരാംകാവില്‍ കുഞ്ഞിരാമനെ നിരവധി തവണ ജന്മിയുടെ ആളുകള്‍ വേട്ടയാടിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ സമരത്തിനിറങ്ങിയ കൃഷ്ണദാസിനും ഉപദ്രവങ്ങള്‍ ഏറെ സഹിക്കേണ്ടിവന്നു. കാണുന്നിടത്തൊക്കെ ഭീഷണിയുണ്ടായി. കൃഷ്ണദാസിന്റെ ജ്വല്ലറി തകര്‍ക്കുക പോലും ചെയ്തു. ഇപ്പോള്‍ പശുവളര്‍ത്തലിലൂടെയാണ് കൃഷ്ണദാസ് കുടുംബം പുലര്‍ത്തുന്നത്. ഭാര്യ കെ. ശോഭയും മക്കളായ കെ. സൂരജ്ദാസും കെ. ശബ്നാദാസും മാതൃസഹോദരി പി.ടി ചിരുതയും കൃഷണദാസിന്റെ പോരാട്ടത്തിന് ഊര്‍ജം പകരുന്നു. ജന്മികുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന കണക്കില്‍പെടാത്ത 20 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു.
കോടിക്കണക്കിന് രൂപയുടെ അനധികൃതസ്വത്ത് ജന്മികുടുംബത്തിന്റെ അധീനതയിലുണ്ടെന്നും ഇതേക്കുറിച്ച് വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ, എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് ഇടപെടണമെന്നും ചൂണ്ടിക്കാട്ടി കൃഷ്ണദാസ് സര്‍ക്കാരിനും റവന്യൂ അധികൃതര്‍ക്കും നിവേദനം നല്‍കി. അന്യാധീനപ്പെട്ട ഭൂമിയില്‍ നിന്ന് കുറച്ചുസ്ഥലം നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് വില്‍പ്പന നടത്തിയത് റദ്ദാക്കണമെന്നും നിവേദനത്തിലുണ്ട്.
ഇനിയും അധികാരികള്‍ തങ്ങളുടെ പ്രശ്നത്തോട് മുഖംതിരിക്കുകയാണെങ്കില്‍ ആത്മഹത്യല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കൃഷ്ണദാസും കുടുംബവും നല്‍കുന്ന മുന്നറിയിപ്പ്.

Related Articles
Next Story
Share it