കാസര്‍കോട്: ഓരോ മനുഷ്യനിലും ദിവ്യത്വം നിലീനമാണെന്ന ദര്‍ശനമാണ് ഭാരതീയ സംസ്ക്കാരത്തിന്റെ അന്ത:സത്തയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ചരിത്രാതീത കാലങ്ങളില്‍ നിലനിന്നിരുന്ന മെസോ പെട്ടോമിയ, ഈജിപ്ഷ്യന്‍, ഗ്രീക്ക് സംസ്കാരങ്ങളില്‍ പലതും ഇന്ന് ചരിത്രഗവേഷകര്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും പഠനവിഷയം മാത്രമായി മാറിയിട്ടുണ്ടെങ്കിലും ഭാരതീയ സംസ്കാരം ചൈതന്യവത്തായി ഇന്നും തുടരുന്നത് അതില്‍ അന്തര്‍ലീനമായ അധ്യാത്മിക ശക്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പെരിയ കേരള കേന്ദ്രസര്‍വകലാശാലയുടെ 12-ാമത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും നീലഗിരി ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മനുഷ്യനില്‍ അടങ്ങിയിരിക്കുന്ന ദിവ്യത്വം പ്രകാശിപ്പിക്കുകയാണ് പ്രധാനം. ജാതിയും മതവും വര്‍ണവും ഭാഷാവ്യത്യാസങ്ങളും എല്ലാം അപ്രധാന ഘടകങ്ങള്‍ മാത്രം. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ സന്യാസിമാരും ഋഷിവര്യന്മാരും പകര്‍ന്നു നല്കിയ ദര്‍ശനം ചിന്തയുടെ സഹവര്‍ത്തിത്വമാണത്. എല്ലാ ചിന്താധാരകളുമായുള്ള സഹവര്‍ത്തിത്വമാണ് ഭാരതീയതയുടെ സത്ത. എല്ലാവരേയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതീയ സംസ്കാരം. മതേതരത്വത്തിന്റ മൂര്‍ത്തിമദ്ഭാവമാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ ദര്‍ശനമാണിത്. മറ്റു രാജ്യങ്ങളില്‍ ഒരേ മതത്തില്‍ പെട്ടവരും ഒരേ ഭാഷ സംസാരിക്കുന്നവരും ഒരേ വര്ണത്തിലുള്ളവരും മാത്രം കൂടി ചേര്‍ന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത മറ്റുള്ളവരെ പുറന്തള്ളുകയായിരുന്നു. എന്നാല്‍ ഭാരതം എല്ലാവരേയും സ്വീകരിച്ചു. അവരുടെ വിശ്വാസങ്ങള്‍ക്കും ആരാധനകള്‍ക്കും ഇടം ഒരുക്കി. യൂറോപ്പില്‍ ക്രൈസ്തവ മതം എത്തുന്നതിനു മുമ്പ് ഇന്ത്യയില്‍ ക്രൈസ്തവ മതമെത്തി. ജൂതരും സൗരാഷ്ട്രീയരും ഭാരതത്തിലെത്തി. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ജനതയാണ് ഭാരതത്തിന്റെത്. ദേശം വര്‍ണം ജാതി, ഭാഷാ വ്യത്യാസങ്ങളല്ല. എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ദിവ്യത്വത്തെ ഉള്‍ക്കൊള്ളുന്ന വിശ്വദര്‍ശനമാണ് ഭാരതീയ പൈതൃകം. സ്വാമി വിവേകാനന്ദന്റെയും മുന്‍ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണന്റേയും വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. രാഷ്ട്രീയമായ ഭിന്നതകള്‍ പ്രകടിപ്പിക്കുമെങ്കിലും സാംസ്ക്കാരികമായി ഭാരതീയര്‍ ഒരേ പൈതൃകം കാത്തുസൂക്ഷിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ജ്ഞാനാന്വേഷികളാണ്. ഈ ദര്‍ശനത്തെ വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത് അത്യാവശ്യമാണ്. ബ്രഹ്മചര്യ, ഗാര്‍ഹസ്ഥ്യം, വാന പ്രസ്ഥം, സന്യാസം എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ ബ്രഹ്മചാരികളാണ്. ഗാര്ഹസ്ഥ്യത്തിനായി തയ്യാറാകാനുള്ള അറിവ് കൂടിയാണ് ആര്‍ജിക്കുന്നത്.
സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസം ഗുണമേന്മയോടെ നല്‍കുകയാണ്. കേരള കേന്ദ്രസര്‍വ്വകലാശാല ലോകത്തെ മികച്ച സര്‍വ്വകലാശാലകളിലൊന്നായി വളരട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സംസാരിച്ചു. അകാദമിക് ഡീന്‍ പ്രൊഫ. കെ.പി.സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ ലൂ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. സര്‍വ്വകലാശാല ഗസ്റ്റ് ഹൗസ് നീലഗിരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു.