ഉഡുപ്പി: ഉഡുപ്പിയില്‍ നിന്ന് മത്സ്യവണ്ടിയുടെ ഡ്രൈവറെ തിരുവനന്തപുരത്തേക്ക് തട്ടിക്കൊണ്ടുപോയി. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സഹോദരന് 15 ലക്ഷം രൂപ നല്‍കിയതോടെ ഡ്രൈവറെ മോചിപ്പിച്ചു. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിയായ സുലൈമാനെയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സംഘം സുലൈമാന്റെ സഹോദരന് ഷംസുദ്ദീനെ ഫോണില്‍ വിളിക്കുകയും 15 ലക്ഷം രൂപയുമായി തിരുവനന്തപുരത്തെത്തിയാല് സുലൈമാനെ വിട്ടുനല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. പണവുമായി വന്നില്ലെങ്കില്‍ സുലൈമാനെ കൊന്ന് കടലില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഷംസുദ്ദീന് തിരുവനന്തപുരത്തെത്തി പണം നല്‍കിയതോടെ സുലൈമാനെ മോചിപ്പിച്ചു. പിന്നീട് ഷംസുദ്ദീന് മണിപ്പാല്‍ പൊലീസില്‍ പരാതി നല്കി. കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. മലയാളികളായ ഹനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുലൈമാനെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
സുലൈമാന്‍ മണിപ്പാലിനടുത്ത് മല്‍പെയില്‍ ഒരു മത്സ്യലോറിയുടെ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സെപ്തംബര്‍ 30ന് സുലൈമാന്‍ കൊപ്പയിലെ വീട്ടില്‍ നിന്ന് മല്പെയിലേക്ക് വന്നു. സുലൈമാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനു പുറമേ മല്‍പെയില്‍ മീന്‍ സംഭരിക്കുകയും അത് കേരളത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. ചില പങ്കാളിത്ത ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുലൈമാനെ മലയാളികളായ സംഘം തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു.