ബാലേട്ടന്റെ സൈക്കിള്‍ യാത്രക്ക് നാല് പതിറ്റാണ്ടിന്റെ തിളക്കം

കുമ്പള: പണി സാധനങ്ങളുമായി അതിരാവിലെ സൈക്കിളിലൂടെ പോകുന്ന ബാലേട്ടന്‍ കുമ്പളക്കാര്‍ക്ക് നിത്യകാഴ്ചയാണ്. നാല് പതിറ്റാണ്ടായി തുടരുന്ന ശീലം. പാലക്കാട് തലക്കശ്ശേരി സ്വദേശിയായ ബാലകൃഷ്ണന്‍ എന്ന നാട്ടുകാരുടെ ബാലേട്ടന്‍ ആശാരി കുമ്പളയിലെത്തി 26-ാം വയസില്‍ തുടങ്ങിയതാണ് ഈ സവാരി. ജോലി സ്ഥലത്തേക്ക് എളുപ്പത്തില്‍ എത്താമെന്നതിനൊപ്പം നല്ലൊരു വ്യായാമം കൂടിയാവുമെന്ന ചിന്തയാണ് സൈക്കിളിനോട് അദ്ദേഹത്തിന് പ്രിയം കൂട്ടിയത്. സന്ധികളുടെ ചലന ക്ഷമത കൂട്ടാന്‍ സൈക്കിള്‍ യാത്ര സഹായിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ ബാലേട്ടനും അടിവരയിട്ടുറപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ […]

കുമ്പള: പണി സാധനങ്ങളുമായി അതിരാവിലെ സൈക്കിളിലൂടെ പോകുന്ന ബാലേട്ടന്‍ കുമ്പളക്കാര്‍ക്ക് നിത്യകാഴ്ചയാണ്. നാല് പതിറ്റാണ്ടായി തുടരുന്ന ശീലം. പാലക്കാട് തലക്കശ്ശേരി സ്വദേശിയായ ബാലകൃഷ്ണന്‍ എന്ന നാട്ടുകാരുടെ ബാലേട്ടന്‍ ആശാരി കുമ്പളയിലെത്തി 26-ാം വയസില്‍ തുടങ്ങിയതാണ് ഈ സവാരി. ജോലി സ്ഥലത്തേക്ക് എളുപ്പത്തില്‍ എത്താമെന്നതിനൊപ്പം നല്ലൊരു വ്യായാമം കൂടിയാവുമെന്ന ചിന്തയാണ് സൈക്കിളിനോട് അദ്ദേഹത്തിന് പ്രിയം കൂട്ടിയത്.
സന്ധികളുടെ ചലന ക്ഷമത കൂട്ടാന്‍ സൈക്കിള്‍ യാത്ര സഹായിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ ബാലേട്ടനും അടിവരയിട്ടുറപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന വായിച്ചറിവുമൊക്കെ സൈക്കിളിനെ നെഞ്ചോട് ചേര്‍ത്താന്‍ പ്രേരകമായെന്ന് ബാലേട്ടന്‍ പറയുന്നു. 67 ലെത്തി നില്‍ക്കുന്ന ബാലേട്ടന്‍ 41 വര്‍ഷത്തിനിടയില്‍ നാല് സൈക്കിളുകളാണ് ഉപയോഗിച്ചത്. അതും ഹെര്‍ക്കുലീസ് എന്ന ബ്രാന്‍ഡിന്റേത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ ഏത് കയറ്റവും അനായാസേന ചവിട്ടിക്കയറിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്. സാധാരണ സൈക്കിള്‍ ആണെന്നതും പരിമിതിയാണ്. വലിയ കയറ്റങ്ങളില്‍ തള്ളി ഒപ്പം നടക്കും. കയറ്റങ്ങള്‍ എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്ന ഗിയറോട് കൂടിയുള്ള സൈക്കിളുകള്‍ ലഭ്യമാണെങ്കിലും എളിയ രീതിയില്‍ ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് വിലകൂടിയ അത്തരം സൈക്കിളുകള്‍ക്ക് പുറകെ പോവാനാവില്ല.
നേരത്തെ കട്ടിലും മേശയും മറ്റുമുണ്ടാക്കുന്ന വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. പതിറ്റാണ്ടുകള്‍ നീണ്ട സൈക്കിള്‍ യാത്രയില്‍ ഒരു തവണ ചെറിയ അപകടം പറ്റിയതൊഴിച്ചാല്‍ ഈ പ്രയാണം ഏറെ മധുരിക്കുന്നതാണ്. അന്ന് സ്‌കൂട്ടര്‍ സൈക്കിളിലിടിച്ചാണ് പരിക്കേറ്റത്. ആദ്യകാലത്ത് ഒറ്റപ്പെട്ടാണ് സൈക്കിളിലൂടെ പോയിരുന്നതെങ്കിലും ഇപ്പോള്‍ യുവാക്കളെയടക്കം സൈക്കിളുമായി നിരത്തുകളില്‍ കാണുന്നത് ബാലേട്ടനെ സന്തോഷിപ്പിക്കുന്നു.
'ഇത് ഒരു പൂര്‍ണ്ണ ശരീര വ്യായാമയാണ്. ആ ശീലത്തിലേക്ക് നമ്മുടെ നാടും ഉണരുന്നത് രോഗങ്ങള്‍ കുറക്കാന്‍ സാധിക്കും'- ലോക സൈക്കിള്‍ ദിനത്തില്‍ ബാലേട്ടന്‍ പറയാന്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.
ഓമനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Related Articles
Next Story
Share it