കോട്ടയം: മൂല്യനിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകള്‍ കാണാതായി. എംജി സര്‍വകലാശാലയിലാണ് സംഭവം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിചിത്ര വാദമാണ് എം.ജി സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് പരീക്ഷ എഴുതിയിട്ടും യാതൊരു പരിഗണനയും നല്‍കാതെ ഉത്തരവാദിത്തമില്ലാത്ത സര്‍വകലാശാലയുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അഞ്ചാം സെമസ്റ്റര്‍ ബി കോം വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസുകളാണ് കാണാതായത്. തൊടുപുഴ ന്യുമാന് കോളജിലെ 20 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് ആണ് നഷ്ടപ്പെട്ടത്. മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകളാണ് കാണാതായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വന്നപ്പോള്‍ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് ഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സര്‍വകലാശാലയില്‍ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തര കടലാസ്് കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് കോളജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യ നിര്‍ണയത്തിനായി അധ്യാപകനെ ഏല്‍പ്പിച്ച ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു എന്ന് വ്യക്തമായത്. വീണ്ടും പരീക്ഷ എഴുതിയാല്‍ മാത്രമേ ഫലം പ്രസിദ്ധീകരിക്കാനാകൂവെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറിയിച്ചത്.
എന്നാല്‍ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്ട്രേഷന് കാലാവധി അവസാനിച്ചിരിക്കുകയാണ്. സര്വകശാലായുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്നും ഇതിന് ഫീസ് ഈടാക്കില്ലെന്നും കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായതിനാല്‍ ഇന്റേണല്‍ മാര്‍ക്ക് അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തണമെന്നും വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.