തളങ്കര സ്‌കൂള്‍ ഫര്‍ണിച്ചര്‍ ചലഞ്ച്: ആവേശത്തോടെ ഏറ്റെടുത്ത് ക്ലാസ് മേറ്റ്‌സ് കൂട്ടായ്മകളും ഉദാരമതികളും

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രത്യേക താല്‍പര്യ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ച അഞ്ചുകോടി രൂപയുടെ കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ബെഞ്ചും ഡെസ്‌ക്കും അടക്കമുള്ള ഫര്‍ണിച്ചറുകള്‍ കണ്ടെത്താന്‍ സ്‌കൂള്‍ വികസന സമിതിയും പി.ടി.എ.യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് നടത്തിയ 'ഫര്‍ണിച്ചര്‍ ചലഞ്ച്' ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യത്തിലേക്ക്. സഹായ ഹസ്തവുമായി സ്‌കൂളിലെ ക്ലാസ് മേറ്റ്‌സ് കൂട്ടായ്മകളും ഉദാരമതികളും ആവേശത്തോടെയാണ് രംഗത്തെത്തിയത്. ഈ വര്‍ഷം […]

കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രത്യേക താല്‍പര്യ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ച അഞ്ചുകോടി രൂപയുടെ കെട്ടിടത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ബെഞ്ചും ഡെസ്‌ക്കും അടക്കമുള്ള ഫര്‍ണിച്ചറുകള്‍ കണ്ടെത്താന്‍ സ്‌കൂള്‍ വികസന സമിതിയും പി.ടി.എ.യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് നടത്തിയ 'ഫര്‍ണിച്ചര്‍ ചലഞ്ച്' ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യത്തിലേക്ക്. സഹായ ഹസ്തവുമായി സ്‌കൂളിലെ ക്ലാസ് മേറ്റ്‌സ് കൂട്ടായ്മകളും ഉദാരമതികളും ആവേശത്തോടെയാണ് രംഗത്തെത്തിയത്. ഈ വര്‍ഷം മുതല്‍ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കുന്ന 17 ക്ലാസ് മുറികളിലേക്കും ഫര്‍ണിച്ചര്‍ ലഭ്യമാക്കാന്‍ നടപടിയായി. രണ്ട് ക്ലാസ് മുറികളിലേക്കുള്ള മുഴുവന്‍ ബെഞ്ചും ഡെസ്‌കുമായി സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും ഒ.എസ്.എ. പ്രസിഡണ്ടുമായ യഹ്‌യ തളങ്കരയാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പുറമെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒ.എസ്.എ. കമ്മിറ്റിയും ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കി. മൂവാറ്റുപുഴയിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ച ആധുനിക രീതിയിലുള്ള ഫര്‍ണിച്ചറുകള്‍ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ മൂന്ന് ക്ലാസ് മുറികളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ വാഗ്ദാനം ചെയ്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും വ്യവസായിയുമായ ഡോ. എന്‍.എ. മുഹമ്മദ് നാലപ്പാടും മൂന്ന് ക്ലാസ് മുറികളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ നല്‍കാമെന്നേറ്റ് സ്‌കൂളിലെ 75 മേറ്റ്‌സും രംഗത്തെത്തിയതോടെ ചലഞ്ചിന് ആവേശം കൂടി. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് 75 മേറ്റ്‌സ് നേരത്തെ ഉദ്യാനവും നിര്‍മ്മിച്ചു നല്‍കിയിരുന്നു. രണ്ട് ക്ലാസ് മുറികളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ സ്‌കൂളിലെ 1980 എസ്.എസ്.എല്‍.സി. ബാച്ച് മേറ്റ്‌സും ഒരു ക്ലാസ് മുറി പൂര്‍വ്വ വിദ്യാര്‍ത്ഥിയും വ്യവസായിയുമായ മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാലും ഏറ്റെടുത്തു. തിരുമുറ്റം ബാച്ച്, 1977 ബാച്ച്, കുസൃതിക്കൂട്ടം ബാച്ച്, 1993-94, 1994-95 ബാച്ച്, 1982 ബാച്ച് എന്നീ കൂട്ടായ്മകള്‍ ഓരോ ക്ലാസ് മുറികളിലേക്കും ആവശ്യമായ ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ തയ്യാറായി രംഗത്തുവന്നിട്ടുണ്ട്. ഇനി ഓഫീസ് മുറികളിലേക്കും കാന്റീനിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ മാത്രമാണ് വേണ്ടത്. ഇവയിലേക്ക് കൂടി ഫര്‍ണിച്ചറുകള്‍ നല്‍കാന്‍ ബാക്കിയുള്ള ക്ലാസ് മേറ്റ്‌സ് കൂട്ടായ്മകളും ഉദാരമതികളും രംഗത്ത് വരണമെന്ന് വികസന സമിതി അഭ്യര്‍ത്ഥിച്ചു. ഫര്‍ണീച്ചര്‍ ചലഞ്ചിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര, പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം, മുന്‍ പ്രസിഡണ്ട് ബഷീര്‍ വോളിബോള്‍, ഹെഡ്മിസ്ട്രസ് സ്വര്‍ണകുമാരി, ഒ.എസ്.എ. ജനറല്‍ സെക്രട്ടരി ടി.എ. ഷാഫി നന്ദി അറിയിച്ചു.

Related Articles
Next Story
Share it