മംഗളൂരു: ഒരു പതിറ്റാണ്ട് മുമ്പ് ദക്ഷിണകന്നഡ ജില്ലയിലടക്കം തേനീച്ചകൃഷിയെ നശിപ്പിച്ച തായ് സാക് ബ്രൂഡ് രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ച ഈ രോഗം കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. വലിയ തോതില്‍ തേനീച്ചവളര്‍ത്തല്‍ നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഈ രോഗം മൂലം പ്രതിസന്ധിയിലായി. പ്രതിരോധമരുന്നുകള്‍ കണ്ടെത്താത്തതും തേനീച്ചകര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മഴക്കാലത്തിന്റെ തുടക്കത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. രോഗം ബാധിച്ച സ്ഥലങ്ങള്‍ അവര്‍ സന്ദര്‍ശിക്കുകയും ചില പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഫലപ്രദമായില്ല. നിരവധി കുടുംബങ്ങള്‍ക്ക് രോഗബാധ കാരണം കടുത്ത സാമ്പത്തികനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന തേനീച്ച സൂക്ഷിപ്പുകാരനായ ശ്യാമ ഭട്ട് വാദ്യകോടി പറഞ്ഞു.
വിദഗ്ദ്ധോപദേശം അനുസരിച്ച്, കവുങ്ങിന്റെ അരികുകളില്‍ ജനിക്കുന്ന കൂണ് പൊടി പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തയ്യാറാക്കണം. തുടര്‍ന്ന്, നെലനെല്ലിയുടെ പൊടിയും പഞ്ചസാര സിറപ്പില്‍ കലക്കിയ മഞ്ഞള്‍പ്പൊടിയും ഉള്‍പ്പെടുത്തി തേനീച്ചക്കൂടുകളില്‍ തളിക്കണം. എന്നാല്‍ രോഗബാധ ഗുരുതരമായാല്‍ ഈ മാര്‍ഗം ഫലപ്രദമാകില്ല. തേനീച്ചകളുടെ അകാലമരണത്തിന് വരെ രോഗം ഇടവരുത്തുന്നു.