ടിക് ടോക്കിന്റെ വില്‍പ്പനയ്ക്ക് നടപടികള്‍ പുരോഗമിക്കുകയാണെന്ന് യുഎസ്; 4 ഗ്രൂപ്പുകളുമായി ചര്‍ച്ച

വാഷിങ് ടന്‍: ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വില്‍പ്പനയ്ക്ക് നടപടികള്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി 4 ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് ടിക് ടോക്ക്. അമേരിക്കന്‍ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണ് നീക്കം.

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ് ഡാന്‍സിന് ഇത് വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 ന് ആയിരുന്നു. ഇത് നീട്ടുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് അധികാരമേറ്റതിനുശേഷം ട്രംപ് പറഞ്ഞിരുന്നു. ചൈനയുമായി വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടുന്നതെന്നതും ശ്രദ്ധേയം.

ജനുവരിയില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ ടിക് ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നല്‍കിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ടിക് ടോക്കിനെ പൂര്‍ണമായും നിരോധിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ നിന്നുള്ള ചുവടുമാറ്റമാണ് ട്രംപിന്റെ സമീപനമെന്നാണു വിലയിരുത്തല്‍.

ജനുവരി 19ന് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ് ലൈനായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെയാണ് ടിക് ടോക് താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമായത്. ടിക് ടോക് വില്‍പ്പനയ്ക്കുള്ള അവസാന തീയതി വൈകാന്‍ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു.

സംയുക്ത സംരംഭത്തിലൂടെ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികള്‍ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു. വില്‍പ്പന ചര്‍ച്ചകളുടെ മേല്‍നോട്ടത്തിന് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍സിനെയും കഴിഞ്ഞ മാസമാണ് ട്രംപ് നിയോഗിച്ചത്.

Related Articles
Next Story
Share it