സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടും; 19 ന് നാട്ടിലെത്തും

വാഷിങ്ടന്‍: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടും(ഐഎസ്എസ്). ഇരുവരേയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വെള്ളിയാഴ്ച വൈകിട്ട് 7.03-ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) പുറപ്പെടുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു. മാര്‍ച്ച് 19 ന് നാട്ടിലെത്തും.
ബുധനാഴ്ച, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ക്രൂ 10 ദൗത്യം മാറ്റിവെക്കുന്നതായി സ്‌പേസ് എക്‌സ് അറിയിച്ച് 24 മണിക്കൂറിനകമാണ് ദൗത്യത്തിന്റെ പുതിയ സമയക്രമം നാസ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ.എസ്.എസില്‍ എട്ടുദിവസം മാത്രം കഴിയാനെത്തിയ സുനിതയും ബുച്ചും കഴിഞ്ഞ ഒന്‍പതുമാസമായി തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണത്തിനായാണ് ഇരുവരും ഇവിടെ എത്തിയത്.
എന്നാല്‍ സ്റ്റാര്‍ലൈനറിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഇരുവര്‍ക്കും മടങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ സുനിത വില്യംസ് പങ്കുവച്ചിരുന്നു.
ക്രൂ 10 ദൗത്യം, സുനിതയെയും ബുച്ചിനെയും തിരിച്ചെത്തിക്കുന്നതിനൊപ്പം ബഹിരാകാശ യാത്രികരുടെ പുതിയ സംഘത്തെ ഐ.എസ്.എസില്‍ എത്തിക്കുകയും ചെയ്യും. നാസയുടെ ആന്‍ മക് ക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്റെ ടകുയ ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് ഈ ദൗത്യത്തിന്റെ ഭാഗമായി ഐ.എസ്.എസിലേക്ക് എത്തുക.
സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശയാത്രികനായ നിക്ക് ഹേഗിനും റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി ഭൂമിയിലെത്തും. നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 A (LC-39A) ല്‍ നിന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്‌പെയ്‌സ് എക്‌സ് ഡ്രാഗണിന്റെ പത്താമത്തെ മനുഷ്യ ബഹിരാകാശ ദൗത്യം ( ക്രൂ-10 ) ഫാല്‍ക്കണ്‍ 9ല്‍ പുറപ്പെടുക.
നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന് കീഴിലുള്ള സ്പേസ് എക്സിന്റെ പത്താമത്തെ ക്രൂ റൊട്ടേഷന്‍ ദൗത്യവും ഡെമോ-2 ടെസ്റ്റ് ഫ് ളൈറ്റ് ഉള്‍പ്പെടെ ഈ സിസ്റ്റം ഉപയോഗിക്കുന്ന പതിനൊന്നാമത്തെ മനുഷ്യ ബഹിരാകാശ പറക്കലുമാണിത്. ക്രൂ-7, സിആര്‍എസ്-29, ആറ് സ്റ്റാര്‍ലിങ്ക് വിക്ഷേപണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ദൗത്യങ്ങളെ മുമ്പ് പിന്തുണച്ചിട്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റര്‍ ഈ പറക്കലിനായി വീണ്ടും ഉപയോഗിക്കും.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 5.18ന് ആണ് വിക്ഷേപണം ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ ദൗത്യത്തിന്റെ തത്സമയ വെബ്കാസ്റ്റ് വിക്ഷേപണത്തിന് ഏകദേശം ഒരു മണിക്കൂര്‍ 20 മിനിറ്റ് മുന്‍പ് ആരംഭിക്കും, സ്‌പെയ്‌സ് എക്‌സ് വെബ് സൈറ്റിലും സ്‌പെയ്‌സ് എക്‌സ് സമൂഹമാധ്യമ അക്കൗണ്ടിലും എക്‌സ് ടിവി ആപ്പിലും തത്സമയം കാണാം.