സാങ്കേതിക പ്രശ്‌നം: സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്‌പേസ് എക്‌സ്

വാഷിങ്ടന്‍: സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്‌പേസ് എക്‌സ്. വിക്ഷേപണത്തിന് 40 സെക്കന്‍ഡ് മുന്‍പാണ് മിഷന്‍ കണ്‍ട്രോളര്‍മാര്‍ പരീക്ഷണം നിര്‍ത്തിയത്. എന്നാല്‍ എന്താണ് പ്രശ്‌നമെന്ന കാര്യം ഇതുവരെ സ്‌പേസ് എക്‌സ് വെളിപ്പെടുത്തിയിട്ടില്ല.

ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. പേടകവും ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊട്ടിത്തെറി. ഭാവിയിലെ വന്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള ഇലോണ്‍ മസ്‌കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.

നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാര്‍ഷിപ്പ് ടെക്‌സസില്‍ നിന്നു വിക്ഷേപിക്കേണ്ടതായിരുന്നു, എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ചാല്‍ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്‌പേസ്എക്‌സ് സൂചിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകള്‍ ലക്ഷ്യമിട്ടാണ് സ്റ്റാര്‍ഷിപ്പിന്റെ രൂപകല്‍പന. പൂര്‍ണമായും പുനരുപയോഗിക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ വിക്ഷേപണ വാഹനം കൂടിയാണിത്.

ചൊവ്വയിലേക്ക് അടക്കമുള്ള ഭാവി ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ടാണ് ഈ ഭീമന്‍ ബഹിരാകാശ വിക്ഷേപണ വാഹനം കമ്പനി നിര്‍മിച്ചിരിക്കുന്നത്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. സൂപ്പര്‍ ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങള്‍ ഈ വിക്ഷേപണ വാഹനത്തിനുണ്ട്.

സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകള്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം. രണ്ട് ഭാഗങ്ങളിലെയും റാപ്റ്റര്‍ എഞ്ചിനുകള്‍ ദ്രവ രൂപത്തിലുള്ള മീഥെയിനും ദ്രാവക രൂപത്തിലുള്ള ഓക്‌സിജനും കത്തിച്ച് ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ദൗത്യങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ.

സ്റ്റാര്‍ഷിപ്പിന്റെ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിച്ച് പുനരുപയോഗിക്കാന്‍ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നു. ഇതുവഴി ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളുടെ ചിലവ് കുറയ്ക്കാം എന്നുള്ള കണക്കുകൂട്ടലിലാണ് സ്‌പേസ് എക്‌സ്. വിക്ഷേപണത്തിന് ശേഷം സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രക്കൈയില്‍ (മെക്കാസില്ല) വായുവില്‍ വച്ച് പിടികൂടാന്‍ ഇതിനകം സ്‌പേസ് എക്‌സിനായിട്ടുണ്ട്.

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് സ്പേസ് എക്സിന്റെ സുരക്ഷയും പാരിസ്ഥിതിക ആശങ്കകളും സംബന്ധിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) അമിതമായി പരിശോധന നടത്തുന്നുവെന്ന് ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു.

Related Articles
Next Story
Share it