മൂന്ന് ദിവസം സ്മാര്‍ട്ട് ഫോണുകള്‍ നിയന്ത്രിക്കൂ; തലച്ചോറിലെ മാറ്റം കണ്ടെത്തി ശാസ്ത്രജ്ഞര്‍

രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കയ്യിലെത്തുന്നത് സ്മാര്‍ട്ട് ഫോണാണ്. രാത്രി ഉറങ്ങാന്‍ നേരവും തൊട്ടുമുമ്പ് സ്മാര്‍ട്ട്‌ഫോണിലായിരിക്കും. ചുരുക്കത്തില്‍ ഏറെ അത്യാവശ്യ ഘടകമായി ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ സ്മാര്‍ട്ട്‌ഫോണുകള്‍ മാറിക്കഴിഞ്ഞു.

കമ്പ്യൂട്ടര്‍സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയറില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

പരീക്ഷണത്തിനായി ഗവേഷകര്‍ ആദ്യം യുവാക്കളെ റിക്രൂട്ട് ചെയ്തു. തുടര്‍ന്ന് സ്മാര്‍ട്ട് ഉപയോഗം നിയന്ത്രിച്ച 72 മണിക്കൂര്‍ അനുവദിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ഇവരോട് ആവശ്യപ്പെട്ടു. ഈ മൂന്ന് ദിവസങ്ങളില്‍, ഗവേഷകര്‍ മനഃശാസ്ത്ര പരിശോധനകള്‍ നടത്തുകയും ഫംഗ്ഷണല്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എഫ്എംആര്‍ഐ) ഉപയോഗിച്ച് ബ്രെയിന്‍ സ്‌കാനുകള്‍ നടത്തുകയും ചെയ്തു. തലച്ചോറിലെ പ്രതിഫല, ആസക്തി മേഖലകളില്‍ (Reward and Cravings regions) കാര്യമായ പ്രവര്‍ത്തന മാറ്റങ്ങള്‍ ബ്രെയിന്‍ സ്‌കാനുകള്‍ കാണിച്ചു. ലഹരിവസ്തുക്കളുടെയോ മദ്യത്തിന്റെയോ ആസക്തിയില്‍ കാണപ്പെടുന്ന പാറ്റേണുകള്‍ക്ക് സമാനമാണിത്.

പഠനത്തിനായി, പതിവായി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള 25 യുവാക്കളെ തിരഞ്ഞെടുത്തു. 72 മണിക്കൂര്‍ നിയന്ത്രണ കാലയളവിന് മുമ്പ്, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, കമ്പ്യൂട്ടര്‍ ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുന്നതിന് പങ്കെടുക്കുന്നവരെ സ്‌ക്രീന്‍ ചെയ്തു. യുവാക്കളുടെ മാനസികാവസ്ഥ, സ്മാര്‍ട്ട്ഫോണ്‍ ശീലങ്ങള്‍, ആസക്തികള്‍ എന്നിവ വിലയിരുത്തുന്നതിന്, പങ്കെടുക്കുന്നവര്‍ അവരുടെ ആദ്യത്തെ ബ്രെയിന്‍ സ്‌കാനിന് മുമ്പ് രണ്ട് ചോദ്യാവലികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് അടുത്ത 72 മണിക്കൂര്‍ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ അവരോട് നിര്‍ദ്ദേശിച്ചു.

മൂന്ന് ദിവസത്തെ നിയന്ത്രണ കാലയളവിനുശേഷം, എഫ്എംആര്‍ഐ സ്‌കാനുകള്‍ക്ക് വിധേയരായി. തുടര്‍ന്ന് വിവിധ സെറ്റ് ഫോട്ടോകള്‍ കാണിച്ചു. സ്മാര്‍ട്ട്ഫോണുകള്‍ പരിമിതപ്പെടുത്തുന്നത് ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ തലച്ചോറിന്റെ പ്രവര്‍ത്തന മാറ്റങ്ങള്‍ക്ക് കാരണമായതായി സ്‌കാനുകളില്‍ വ്യക്തമായി. സ്മാര്‍ട്ട്ഫോണ്‍ നിയന്ത്രണം ചില തരത്തില്‍ ആസക്തി ഉളവാക്കുന്ന വസ്തുക്കളില്‍ നിന്നുള്ള പിന്‍വാങ്ങലിനോട് സാമ്യമുള്ളതാകാമെന്നും, ഗവേഷകര്‍ അഭിപ്രായപ്പെട്ടു.സാങ്കേതികവിദ്യ പുരോഗമിക്കുമ്പോള്‍, നമ്മുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗ ശീലങ്ങള്‍ നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയുന്നത് ആരോഗ്യകരമായ ഡിജിറ്റല്‍ ദിനചര്യകള്‍ കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കണമെന്നും ഗവേഷകര്‍ പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it