ROCKET CRASHES | പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ജര്‍മ്മന്‍ റോക്കറ്റ് കടലില്‍ പതിച്ചു; ലക്ഷ്യത്തിലെത്താന്‍ സാധിച്ചുവെന്ന് ഇസാര്‍ എയറോസ് പേസ്

ഓസ്ലോ: ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് ഇസാര്‍ എയറോസ് പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സ്‌പെക്ട്രം എന്ന് പേരിട്ട റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് 18 സെക്കന്‍ഡുകള്‍ക്കകം തന്നെ വശത്തേക്ക് ചെരിയുകയും താഴേക്ക് പതിക്കുകയുമായിരുന്നു. വിക്ഷേപണത്തിന് പിന്നാലെ നോര്‍വീജിയന്‍ കടലിലേക്കാണ് റോക്കറ്റ് പതിച്ചത്. നോര്‍വേയിലെ അന്‍ഡോയ വിക്ഷേണ കേന്ദ്രത്തില്‍ നിന്നും ഞായറാഴ്ച രാവിലെയാണ് ഇസാര്‍ തങ്ങളുടെ ആദ്യ റോക്കറ്റ് വിക്ഷേപണ ശ്രമം നടത്തിയത്.

സ്‌പെക്ട്രം കടലില്‍ പതിച്ചെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചുവെന്നാണ് വിക്ഷേപണത്തിന് പിന്നാലെ ഇസാര്‍ എയറോസ്‌പേസ് പ്രതികരിച്ചത്. ഒന്നാം ഘട്ടത്തിലെ ഇഗ്‌നീഷ്യന് ശേഷം സ്‌പെക്ട്രം ഉയര്‍ന്നത് തങ്ങള്‍ ലക്ഷ്യമിട്ടതായിരുന്നുവെന്നും ഇസാര്‍ എയറോസ്‌പേസ് പറയുന്നു.

മുപ്പത് സെക്കന്റോളം നീണ്ട ആദ്യ വിക്ഷേപണം ഭാവിയിലേക്കുള്ള കമ്പനിയുടെ പദ്ധതികള്‍ക്ക് ഊര്‍ജ്ജമാകുമെന്നുമാണ് ഇവരുടെവിലയിരുത്തല്‍. യൂറോപ്പില്‍ വേരുകളുള്ള സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ശക്തമായ ചിന്തയിലും നേട്ടത്തിലും അഭിമാനമുണ്ടെന്നും ഇസാര്‍ എയറോസ് പേസ് സിഇഒ ഡാനിയല്‍ മെറ്റ് സ്ലെര്‍ പ്രതികരിച്ചു.

ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള ഉപഭോക്താക്കളുടെ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തിലെത്തിച്ച് യൂറോപ്പിന്റെ വലിയൊരു പോരായ്മ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 32 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി ഇതിനോടകം തന്നെ നിരവധി റോക്കറ്റുകള്‍ ഓര്‍ബിറ്റുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിന് വെളിയില്‍ വച്ചാണ് ഈ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുള്ളത്. ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഏരിയന്‍ ഗ്രൂപ്പ് പോലുള്ള കമ്പനികളും ഇതില്‍പെടും.

നൂറുകണക്കിന് റോക്കറ്റുകള്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സും ബഹിരാകാശ വ്യവസായത്തില്‍ ഉള്‍പ്പെടുന്നു. 1960 കളിലെയും 1970 കളിലെയും പ്രാരംഭ ബഹിരാകാശ യാത്രകളിലും തുടര്‍ന്നുള്ള വാണിജ്യ കമ്പനികളുടെ ഭ്രമണപഥത്തിലെത്താനുള്ള തയാറെടുപ്പിലും യൂറോപ്പ് ചരിത്രപരമായി പിന്നിലാണ്.

Related Articles
Next Story
Share it