ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ; സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി

ബംഗളൂരു: ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിച്ച് വീണ്ടും വേര്‍പ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. വ്യാഴാഴ്ച രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂര്‍ത്തിയായത്.

ഭൂമിയില്‍ നിന്നുള്ള നാവിഗേഷന്‍ പിന്തുണയെ ആശ്രയിക്കാതെ, ചന്ദ്രയാന്‍-4 പോലുള്ള ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ, ബഹിരാകാശ പേടകങ്ങളെ സ്വന്തമായി ഡോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഡിസംബര്‍ 30നാണ് പേടകങ്ങളുമായി പി.എസ്.എല്‍.വി സി60 റോക്കറ്റ് കുതിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ടാര്‍ജറ്റ് ചെയ്സര്‍ ഉപകരണങ്ങളായിരുന്നു പേടകത്തില്‍.

ഡോക്കിംഗ് പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ.എസ്.ആര്‍.ഒ മാറി. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളിലെ ഏജന്‍സികളാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ഡി-ഡോക്കിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ചു.

'അഭിനന്ദനങ്ങള്‍, ടീം ISRO. ഇത് ഓരോ ഇന്ത്യക്കാരനും പ്രോത്സാഹജനകമാണ്. SPADEX ഉപഗ്രഹങ്ങള്‍ അവിശ്വസനീയമായ ഡി-ഡോക്കിംഗ് നിര്‍വഹിച്ചു... ഇത് ഭാരതീയ ആന്ത്രിക്ഷ സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള അഭിലാഷകരമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുന്നു- എന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.


Related Articles
Next Story
Share it