ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അപകടസാധ്യതയുള്ള മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അപകടസാധ്യതയുള്ള മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍. ക്രോമിലെ ഡാറ്റ അപകടത്തിലാക്കാന്‍ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ ക്രോമിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാധ്യതയുള്ള സൈബര്‍ ഭീഷണികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കള്‍ ഉടന്‍ തന്നെ അവരുടെ ക്രോം ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സുരക്ഷാ പിഴവുകള്‍ ഇല്ലാതാക്കാന്‍ എന്ത് സുരക്ഷയാണ് സ്വീകരിക്കേണ്ടതെന്ന് നോക്കാം;

ക്രോമിലെ ചില ന്യൂനതകള്‍ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെന്‍സിറ്റീവ് ഡാറ്റ ആക്സസ് ചെയ്യാനും, വിവരങ്ങള്‍ മാറ്റാനും, ബ്രൗസര്‍ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കര്‍മാരെ അനുവദിക്കും.

സിസ്റ്റത്തില്‍ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു പ്രധാന വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുകയോ ചെയ്യുന്നു.

പാച്ച് ചെയ്തില്ലെങ്കില്‍, ഈ കേടുപാടുകള്‍ ഡാറ്റാ ലംഘനങ്ങള്‍, സ്വകാര്യതാ അപകടസാധ്യതകള്‍, സിസ്റ്റം തടസപ്പെടുക എന്നിവയിലേക്ക് നയിച്ചേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഡെസ് ക് ടോപ്പില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത് എന്ന് നോക്കാം

വിന്‍ഡോസ്, മാക് എന്നിവയ്ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്‌സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും അപകടത്തില്‍പ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു. സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ ബ്രൗസറുകള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.

ഗൂഗിള്‍ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം?

1. ക്രോം തുറന്ന് മുകളില്‍ വലത് കോണില്‍ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്കുചെയ്യുക.

2. ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് 'ഹെല്‍പ്പ്' തിരഞ്ഞെടുക്കുക.

3. ഉപ മെനുവിലെ 'എബൗട്ട് ഗൂഗിള്‍ ക്രോം' ക്ലിക്ക് ചെയ്യുക.

4.നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.

ഗൂഗിള്‍ ക്രോമില്‍ അപ്ഡേറ്റുകള്‍ക്കായി പരിശോധിക്കേണ്ട വിധം

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തയ്യാറായ അപ് ഡേറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍, മുകളില്‍ സൂചിപ്പിച്ചതുപോലെ തന്നെ 'എബൗട്ട് ഗൂഗിള്‍ ക്രോം' ടാബില്‍ ചെല്ലുക. പുതിയ ടാബില്‍ എത്തിക്കഴിഞ്ഞാല്‍, ഡൗണ്‍ലോഡ് ചെയ്യാനോ ഇന്‍സ്റ്റാള്‍ ചെയ്യാനോ തയ്യാറായ എല്ലാ അപ്ഡേറ്റുകളും ബ്രൗസര്‍ ഓട്ടോമാറ്റിക്കലി പ്രദര്‍ശിപ്പിക്കും.

ഒരു അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍, അത് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും. ചില സാഹചര്യങ്ങളില്‍, അപ്ഡേറ്റ് ലഭിക്കാന്‍ ക്രോം റീ സ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നേക്കാം.

Related Articles
Next Story
Share it