ശബ്ദം കേള്‍ക്കാം, പണം അക്കൗണ്ടില്‍ എത്തില്ല; ഫോണ്‍പേ, ഗൂഗിള്‍പേ ഉപയോഗിച്ച് പുതിയ യു.പി.ഐ തട്ടിപ്പ്

ഇരയാകാതിരിക്കാന്‍ കടയുടമകള്‍ക്കും ബിസിനസുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൈബര്‍ വിദഗ്ധര്‍

പേയ് മെന്റ് സ്ഥിരീകരണങ്ങള്‍ക്കായി സൗണ്ട്-ബോക്സ് അലേര്‍ട്ടുകളെ ആശ്രയിക്കുന്ന ബിസിനസ് ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബര്‍ തട്ടിപ്പ്. യുപിഐ പേയ് മെന്റുകള്‍ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാര്‍ ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകള്‍ സൃഷ്ടിച്ചാണ് ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത് എന്നാണ് സൈബര്‍ വിദഗ്ധരുടെ കണ്ടെത്തല്‍. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൈബര്‍ സുരക്ഷാ വിദഗ് ധര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.

സൈബര്‍ ക്രൈം ഗവേഷകരുടെ അഭിപ്രായത്തില്‍, ഈ വ്യാജ ആപ്പുകള്‍ യഥാര്‍ത്ഥ പേയ് മെന്റ് പ്ലാറ്റ് ഫോമുകളോട് വളരെ സാമ്യമുള്ളവയാണ്. സൗണ്ട് ബോക് സുകളില്‍ തെറ്റായ ഇടപാട് സ്ഥിരീകരണം പോലും പ്രദര്‍ശിപ്പിക്കുന്നു. ബിസിനസുകാരും കടയുടമകളും പലപ്പോഴും ഈ അലേര്‍ട്ടുകളെ ആധികാരിക പേയ് മെന്റുകളായി തെറ്റിദ്ധരിക്കുന്നു, പിന്നീട് തുക അവരുടെ അക്കൗണ്ടുകളില്‍ എത്തിയില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് ചതിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത്.

ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെലിഗ്രാം പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നാണ് വ്യാജ യുപിഐ ആപ്പുകള്‍ എടുക്കുന്നതെന്നാണ് അറിയുന്നത്. തിരക്കുള്ള സമയങ്ങളിലാണ് പല വ്യാപാരികളും ഇത്തരം കബളിപ്പിക്കലിന് ഇരയാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കിലായിരിക്കുമ്പോള്‍ ഫോണില്‍ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്‌സ് ശബ്ദം കേട്ട് പേമെന്റ് ഉറപ്പിക്കുകയാണ് പല കടയുടമകളും ചെയ്യുക. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

സൈബര്‍ വിദഗ് ധര്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ ഇത് സംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കടയുടമകള്‍ക്ക് ലഭിക്കുന്ന പേമെന്റുകള്‍ പരിശോധിച്ച് ഉറപ്പിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പേമെന്റ് ലഭിച്ചോ എന്ന് നിങ്ങളുടെ മൊബൈലില്‍ പരിശോധിക്കുക. യുപിഐ വഴി പണം സ്വീകരിക്കുമ്പോള്‍ കടയുടമകള്‍ അലേര്‍ട്ട് ലഭിക്കുന്ന സൗണ്ട് ബോക്‌സിനെ മാത്രം ആശ്രയിക്കുന്നത് തട്ടിപ്പിന് സാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ് ഫര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

വ്യാജ യുപിഐ ആപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?

സാധനങ്ങളോ സേവനങ്ങളോ കൈമാറുന്നതിനുമുമ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോ യുപിഐ ആപ്പിലോ ഉള്ള ഇടപാടുകള്‍ എപ്പോഴും പരിശോധിച്ചുറപ്പിക്കുക. സൗണ്ട് ബോക്‌സ് അറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ പേമെന്റ് വിശദാംശങ്ങള്‍ എപ്പോഴും പരിശോധിക്കുക.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം യുപിഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇടപാടുകള്‍ നടത്തുമ്പോള്‍ പുതിയതോ അറിയാത്തതോ ആയ ഏതെങ്കിലും പേയ്മെന്റ് ആപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക. വഞ്ചനാപരമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പൊലീസിലോ പരാതി നല്‍കാം.

Related Articles
Next Story
Share it