മാര്‍ച്ച് 14ന് അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്ക്കൊരുങ്ങി ലോകം; ആകാശത്ത് 'രക്ത ചന്ദ്രന്‍' ദൃശ്യമാകും

ന്യൂഡല്‍ഹി: മാര്‍ച്ച് 14ന് അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്ക്കൊരുങ്ങിയിരിക്കുകയാണ് ലോകം. ആകാശത്ത് 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ് മൂണ്‍' പ്രതിഭാസം ദൃശ്യമാകുന്നത് അന്നാണ്. രക്ത ചന്ദ്രന്‍ എന്നാല്‍ ചുവന്ന നിറമുള്ള ചന്ദ്രന്‍ എന്നാണ് അര്‍ത്ഥം. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്.
ഭൗമാന്തരീക്ഷത്തില്‍ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവര്‍ത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു. അന്തരീക്ഷത്തില്‍ അടങ്ങിയിരിക്കുന്ന പൊടി, വാതകം, മറ്റ് കണികകള്‍ എന്നിവ കാരണം ചുവന്ന രശ്മികളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.
ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. കടും ചുവപ്പ് നിറം ആയതിനാലാണ് ഇതിനെ ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ സവിശേഷതകളാണ് ഇത്തരമൊരു കാഴ്ച സൃഷ്ടിക്കുന്നത്.
2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ് മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേര്‍ക്ക് മാത്രമേ ഈ ഗ്രഹണം കാണാന്‍ കഴിയൂ. ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കന്‍, തെക്കേ അമേരിക്ക, പസഫിക്, അറ്റ് ലാന്റിക് ആര്‍ട്ടിക് സമുദ്രം, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളില്‍ ഇത് കാണപ്പെടും.
ഈ വര്‍ഷം മാര്‍ച്ച് 14ന് രക്ത ചന്ദ്രന്‍ 65 മിനിറ്റ് നേരം ദൃശ്യമാകുമെന്നാണ് ശാസ്ത്രലോകം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 14ന് രാവിലെ 09:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാര്‍ച്ച് 14ന് രാവിലെ 11:29 മുതല്‍ ഉച്ചയ്ക്ക് 1:01 വരെ 'രക്ത ചന്ദ്രന്‍' ദൃശ്യമാകും.
ഈ സമയത്ത് ചന്ദ്രന്‍ 65 മിനിറ്റ് ചുവപ്പ് നിറത്തില്‍ പ്രത്യക്ഷപ്പെടും. സമയ മേഖല അനുസരിച്ച്, മാര്‍ച്ച് 13 രാത്രിയിലോ മാര്‍ച്ച് 14 പുലര്‍ച്ചെയോ ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നത് പോലെ കാണപ്പെടുകയും ചെയ്യും എന്ന് നാസ അവകാശപ്പെടുന്നു
വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങള്‍ക്ക് ഈ പ്രതിഭാസത്തിന്റെ ഏറ്റവും മികച്ച കാഴ്ച കാണാന്‍ സാധിക്കുമെന്നും നാസ പറയുന്നു. നാസയുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും.
എന്നാല്‍ ഇന്ത്യയില്‍ ചന്ദ്രഗ്രഹണ സമയത്ത് പകല്‍ സമയമായിരിക്കും. അതിനാല്‍ രക്ത ചന്ദ്രന്റെ കാഴ്ച ദൃശ്യമാകില്ല. എങ്കിലും നിരവധി യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഈ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യും. അതുകൊണ്ടുതന്നെ നമുക്കും ഈ മനോഹരമായ ബ്ലഡ് മൂണ്‍ കാണാന്‍ കഴിയും.