സ്‌കൈപ്പിന് വിട; സേവനം ഇന്ന് അവസാനിക്കും; ഇനി മൈക്രോസോഫ്റ്റ് ടീംസ്
ഗൂഗിള്‍ മീറ്റ്, സൂം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ സ്‌കൈപ്പിന്റെ പ്രാധാന്യം കുറയുകയായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് ജനകീയമാക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സ്‌കൈപ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇനി മുതല്‍ ലഭ്യമാവില്ല. സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് അഞ്ചിന് നിര്‍ത്തലാക്കുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. മൈക്രോ സോഫ്റ്റ് ടീംസ് എന്ന പുതിയ ക്ലൗഡ് ബേസ്ഡ്‌സ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് നടപടി. ടീം കൊളാബറേഷനും ആശയ വിനിമയത്തിനും ഇനി മൈക്രോസോഫ്റ്റ് ടീംസ് ലഭ്യമാകും. സ്‌കൈപ്പിലെ പെയ്ഡ് , നോണ്‍പെയ്ഡ് ഉപയോക്താക്കള്‍ ടീംസിലേക്ക് മാറണമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ബിസിനസ് ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പില്‍ തുടരാനാവുമെന്നും മറ്റുള്ളവര്‍ക്ക് സ്‌കൈപ്പ് വിവരങ്ങള്‍ ഉപയോഗിച്ച് ടീംസിലേക്ക് സൈന്‍ ഇന്‍ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.
2003ലാണ് ഓണ്‍ലൈന്‍ ആശയവിനിമയത്തിന് പുതിയ ദിശാബോധം നല്‍കി സ്‌കൈപ്പ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ പിന്നാലെ ഗൂഗിള്‍ മീറ്റ്, സൂം അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ സ്‌കൈപ്പിന്റെ പ്രാധാന്യം കുറയുകയായിരുന്നു.