ടി.ഇ.അബ്ദുല്ലയെ വീണ്ടും ഇറക്കണം; ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അനുമതി തേടി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല കാസര്‍കോട് നഗരസഭയിലേക്ക് വീണ്ടും മത്സരിച്ചേക്കും. മൂന്ന് തവണ ജനപ്രതിനിധികളായവര്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടെങ്കിലും ടി.ഇ. അബ്ദുല്ലയെ മത്സരിപ്പിക്കാന്‍ അനുമതി തേടി മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റി മുഖേന സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കി. ടി.ഇ. അബ്ദുല്ലയെ മുന്നില്‍ നിര്‍ത്തി നഗരസഭാ ഭരണം നിലനിര്‍ത്താനും അദ്ദേഹത്തെ വീണ്ടും ചെയര്‍മാന്‍ ആക്കാനും പാര്‍ട്ടി നഗരസഭാ ഘടകം ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് നേതൃത്വത്തിന് കത്ത് […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല കാസര്‍കോട് നഗരസഭയിലേക്ക് വീണ്ടും മത്സരിച്ചേക്കും. മൂന്ന് തവണ ജനപ്രതിനിധികളായവര്‍ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടെങ്കിലും ടി.ഇ. അബ്ദുല്ലയെ മത്സരിപ്പിക്കാന്‍ അനുമതി തേടി മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റി മുഖേന സംസ്ഥാന കമ്മിറ്റിക്ക് കത്ത് നല്‍കി.
ടി.ഇ. അബ്ദുല്ലയെ മുന്നില്‍ നിര്‍ത്തി നഗരസഭാ ഭരണം നിലനിര്‍ത്താനും അദ്ദേഹത്തെ വീണ്ടും ചെയര്‍മാന്‍ ആക്കാനും പാര്‍ട്ടി നഗരസഭാ ഘടകം ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് നേതൃത്വത്തിന് കത്ത് നല്‍കിയത്. നേരത്തെ മൂന്ന് തവണ നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ ടി.ഇ. അബ്ദുല്ലയുടെ പ്രവര്‍ത്തനം പ്രശംസിക്കപ്പെട്ടിരുന്നു.
മുസ്ലിം ലീഗ് നഗരസഭാ സ്ഥാനാര്‍ത്ഥികളെ ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി വാര്‍ഡ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്നലെ ചേരാന്‍ തീരുമാനിച്ചതാണെങ്കിലും സി.ബി. അബ്ദുല്ല ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്നേക്ക് മാറ്റി വെച്ചു. എന്നാല്‍ മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി. മോയിന്‍കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്നത്തെ യോഗം നടക്കുമോ എന്ന് നിശ്ചയമില്ല. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. വി.എം. മുനീറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
മുനീറിനെ കൂടാതെ ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്നിവര്‍ അടക്കമുള്ള ആറ് ഭാരവാഹികളും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എല്‍.എ. മഹ്മൂദ് ഹാജി, അബ്ദുല്‍ കരീം കോളിയാട്, ഹാഷിം കടവത്ത്, കെ.പി. മുഹമ്മദ് അഷ്‌റഫ്, അബ്ബാസ് ബീഗം, കെ.എം. അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, ലുക്മാനുല്‍ ഹക്കീം എം. എന്നിവരും അടങ്ങിയ സമിതിയെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അതാത് വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിക്കണം.

Related Articles
Next Story
Share it