മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പുതുച്ചേരി 20 ഓവറില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കേരളം ജയം സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡ് ആക്കി വിക്കറ്റ് നേട്ടത്തോടെ തുടക്കം കുറിക്കാനും താരത്തിനായി.
പുതുച്ചേരിക്ക് വേണ്ടി അഷിത് രാജീവ് 33ഉം പരാസ് ദോഗ്റ 26 റണ്‍സും നേടി. ജലജ് സെക്സേന നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും കെ എം ആസിഫ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് അസ്ഹറുദ്ദീനും (30) റോബിന് ഉത്തപ്പ(21)യും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ടീം സ്കോര്‍ 52ല്‍ അസ്ഹറുദ്ദീനും തൊട്ടടുത്ത ഓവറില്‍ സ്കോര്‍ 58ല്‍ ഉത്തപ്പയും മടങ്ങി. സഞ്ജു സാംസണ് 32ഉം സച്ചിന് ബേബി 18ഉം റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് 11ഉം സല്മാന് നിസാര്‍ 20ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നും.
അഷിത്ത് രാജീവ് നാല് ഓവറില്‍ 18 റണ്‍സിന് മൂന്നും സാഗര്‍ ഉദേശി ഒന്നും വിക്കറ്റ് നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്.