സുരേഷ് വ്രതത്തിലാണ്; 20 വര്‍ഷമായി റമദാനിലെ മുഴുവന്‍ നോമ്പുമെടുക്കുന്നു

കാസര്‍കോട്: സുരേഷ് വ്രതത്തിലാണ്. കഴിഞ്ഞ 20 വര്‍ഷമായി റമദാനിലെ 30 ദിനങ്ങളിലും സുരേഷ് നോമ്പെടുക്കുന്നു. അപൂര്‍വ്വം ചില വിശേഷ ദിനങ്ങളിലൊഴികെ. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ കാര്‍ ഡ്രൈവറാണ് പയ്യന്നൂര്‍ തെക്കെഅമ്പലം സ്വദേശിയായ സുരേഷ്. ഇന്നലെ വൈസ്രോയി റസ്റ്റോറന്റില്‍ വെച്ച് കുടുംബാംഗങ്ങള്‍ക്കും സുരേഷിനുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബേബി ബാലകൃഷ്ണന്‍ തന്നെയാണ് സുരേഷ് രണ്ട് പതിറ്റാണ്ടായി തുടരുന്ന നോമ്പു പിടിത്തം പങ്കുവെച്ചത്. എറണാകുളത്ത് പൈപ്പ് ഫിറ്റിംഗ്‌സിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലംമുതലാണ് സുരേഷ് 30 ദിവസവും […]

കാസര്‍കോട്: സുരേഷ് വ്രതത്തിലാണ്. കഴിഞ്ഞ 20 വര്‍ഷമായി റമദാനിലെ 30 ദിനങ്ങളിലും സുരേഷ് നോമ്പെടുക്കുന്നു. അപൂര്‍വ്വം ചില വിശേഷ ദിനങ്ങളിലൊഴികെ. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ കാര്‍ ഡ്രൈവറാണ് പയ്യന്നൂര്‍ തെക്കെഅമ്പലം സ്വദേശിയായ സുരേഷ്. ഇന്നലെ വൈസ്രോയി റസ്റ്റോറന്റില്‍ വെച്ച് കുടുംബാംഗങ്ങള്‍ക്കും സുരേഷിനുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബേബി ബാലകൃഷ്ണന്‍ തന്നെയാണ് സുരേഷ് രണ്ട് പതിറ്റാണ്ടായി തുടരുന്ന നോമ്പു പിടിത്തം പങ്കുവെച്ചത്. എറണാകുളത്ത് പൈപ്പ് ഫിറ്റിംഗ്‌സിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലംമുതലാണ് സുരേഷ് 30 ദിവസവും നോമ്പെടുക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് റമദാനിലെ ചില ദിനങ്ങളില്‍ നോമ്പു നോല്‍ക്കാറുണ്ടായിരുന്നു. കമ്പനിയുടെ പ്രതിനിധിയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്തുവരുമ്പോള്‍ മുസ്ലിം സുഹൃത്തുക്കളെ കണ്ടാണ് വ്രതമെടുക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതും എല്ലാ റമദാനിലും ഇത് ശീലമാക്കിയതും. അഷ്‌റഫ് പടന്ന അടക്കമുള്ള സുഹൃത്തുക്കള്‍ പ്രചോദനമായി.
'റമദാനിലെ വൈകുന്നേരങ്ങളില്‍ കളക്ഷന് ചെല്ലുമ്പോഴൊക്കെ സുഹൃത്തുക്കള്‍ നോമ്പ് തുറക്കുന്നതിന്റെ തിരക്കിലായിരിക്കും. അവര്‍ക്കൊപ്പം നോമ്പ് തുറക്ക് കൂട്ടിരുന്നപ്പോള്‍ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞു. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ ലഭിക്കുന്നു. പിന്നീട് സ്ഥിരമായി എല്ലാ റമദാനിലും നോമ്പെടുക്കാന്‍ തുടങ്ങി. വളരെ വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. എളമ്പച്ചിയിലെ ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ റോയല്‍ സിറ്റി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വ്രതാനുഷ്ഠാനം കൂടുതല്‍ ശക്തമാക്കി. ഇത്തവണ വിഷുവിന് മാത്രം ഉപേക്ഷിക്കും. ബാക്കി എല്ലാ ദിവസങ്ങളിലും നോമ്പെടുക്കും'-സുരേഷ് ഉത്തരദേശത്തോട് പറഞ്ഞു.
പുലര്‍ച്ചെ നാലര മണിക്ക് എണീറ്റ് ചായയും ലഘുഭക്ഷണവും കഴിക്കും. സന്ധ്യക്ക് വീട്ടിനടുത്തുള്ള പള്ളിയില്‍ നിന്ന് മഗ്‌രിബ് ബാങ്ക് കേള്‍ക്കാം. ആ സമയത്ത് നോമ്പ് തുറക്കും. മിക്കപ്പോഴും മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പമായിരിക്കും നോമ്പ് തുറ.
ഒന്നരവര്‍ഷമായി ബേബി ബാലകൃഷ്ണനോടൊപ്പം ജില്ലാ പഞ്ചായത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബേബി ബാലകൃഷ്ണന്റെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സുരേഷ് പറഞ്ഞു. നേരത്തെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡണ്ടായിരുന്ന എ.എ ജലീലിന്റെ ഡ്രൈവറായി അഞ്ച് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ സരിതയും മക്കളായ തുഷാറും നിഹാറും നല്ല പിന്തുണയാണ് തന്റെ വ്രതാനുഷ്ഠാനത്തിന് നല്‍കുന്നതെന്നും സുരേഷ് പറഞ്ഞു.

ടി.എ ഷാഫി

Related Articles
Next Story
Share it