പ്രവാസ ജീവിതത്തില്‍ നിന്ന് വഴിമാറി; സുനില്‍കുമാറിന്റെ അച്ചാര്‍ യൂണിറ്റ് വിജയത്തില്‍

മുന്നാട്: പ്രവാസ ജീവിതത്തില്‍ നിന്ന് വഴി മാറി നൂതന തൊഴില്‍ സംരംഭത്തിന്റെ ഉടമയായി സുനില്‍ കുമാര്‍ മാറുന്നു. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പള്ളത്തിങ്കാല്‍ മീയങ്ങാനം സ്വദേശിയായ എം. സുനില്‍കുമാര്‍ സ്വന്തമായ ഒരു തൊഴില്‍ സംരംഭമെന്ന ആശയത്തിന് രൂപം നല്‍കുന്നത്. കോവിഡ് കാരണം നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു സുനില്‍. തുടര്‍ന്ന് ഇഷാന്‍ ഫുഡ്‌സ് എന്ന പേരില്‍ അച്ചാര്‍ യൂണിറ്റിന് തുടക്കം കുറിച്ചു. 2021 സെപ്തംബറിലാണ് യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടക്കത്തില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ […]

മുന്നാട്: പ്രവാസ ജീവിതത്തില്‍ നിന്ന് വഴി മാറി നൂതന തൊഴില്‍ സംരംഭത്തിന്റെ ഉടമയായി സുനില്‍ കുമാര്‍ മാറുന്നു. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പള്ളത്തിങ്കാല്‍ മീയങ്ങാനം സ്വദേശിയായ എം. സുനില്‍കുമാര്‍ സ്വന്തമായ ഒരു തൊഴില്‍ സംരംഭമെന്ന ആശയത്തിന് രൂപം നല്‍കുന്നത്. കോവിഡ് കാരണം നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു സുനില്‍. തുടര്‍ന്ന് ഇഷാന്‍ ഫുഡ്‌സ് എന്ന പേരില്‍ അച്ചാര്‍ യൂണിറ്റിന് തുടക്കം കുറിച്ചു. 2021 സെപ്തംബറിലാണ് യൂണിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടക്കത്തില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലായി നടക്കുന്ന വിപണനം ഘട്ടം ഘട്ടമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സുനില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന-കേന്ദ്ര സംയുക്ത പദ്ധതിയായ പാക്ക് ഹൗസ് യൂണിറ്റിന്റെ ഭാഗമായാണ് അച്ചാര്‍ യൂണിറ്റ് തുടങ്ങിയത്. സാങ്കേതിക നിര്‍ദേശങ്ങളും പരിശീലനവും നല്‍കിയത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ വെള്ളിക്കോത്ത് പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.
യൂണിറ്റ് തുടങ്ങാന്‍ ബേഡഡുക്ക പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലതയുടെ നിര്‍ദ്ദേശം പ്രചോദനമായെന്നും അദ്ദേഹം പറയുന്നു. തുടക്കത്തില്‍ ഉദ്പാദനവും വിപണനവും ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും പലരുടെയും പിന്തുണ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചു. ഇന്ന് യൂണിറ്റില്‍ ഉല്‍പാദിപ്പിക്കുന്ന അച്ചാര്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നതായും സംരംഭകന്‍ പറയുന്നു. സ്വന്തമായ മുതല്‍ മുടക്കിനൊപ്പം ബാങ്ക് വായ്പയും നോര്‍ക്കയുടെ പ്രവാസി പലിശരഹിത വായ്പയും ഉപയോഗിച്ചാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ഇഷാന്‍ അച്ചാര്‍ യൂണിറ്റ് സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ. രാഘവേന്ദ്ര, കുറ്റിക്കോല്‍ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എം കരുണാകരന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇഷാന്‍ പിക്കിള്‍ എന്ന ബ്രാന്‍ഡിലാണ് വിവിധ തരം അച്ചാറുകള്‍ വിപണിയില്‍ ലഭ്യമാക്കി വരുന്നത്.

സുരേഷ് പയ്യങ്ങാനം

Related Articles
Next Story
Share it