കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്. അദ്ദേഹത്തിന്റെ മക്കളെ പണ്ട് താന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടുവെന്ന ആരോപണം കളവാണെന്നും അങ്ങനെ പിണറായി വിജയനോട് ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കെ. സുധാകരന് ഇന്നുച്ചയോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായിയെ ബ്രണ്ണന്‍ കോളേജില്‍ വെച്ച് താന്‍ ചവിട്ടിയതായി പറഞ്ഞിട്ടില്ലെന്നും ഓഫ് റെക്കോര്‍ഡായി പറഞ്ഞ ചില കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നതെന്നും സുധാകരന് വെളിപ്പെടുത്തി.
പി.ആര്. ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന പിണറായി വിജയനെയാണ് ഇന്നലെ ജനങ്ങള്‍ കണ്ടത്. ആരോപണങ്ങള്‍ക്ക് അതേപോലെ മറുപടി പറയാന്‍ തന്റെ മാന്യത അനുഭവിക്കുന്നില്ലെന്നും സുധാകരന് പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് മുഖ്യമന്ത്രിയില്‍ നിന്ന് കണ്ടത്. അതേപടി തിരിച്ച് മറുപടി പറയാനില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് ആരാണെന്ന് എന്തുകൊണ്ട് അദ്ദേഹം പറയുന്നില്ല. അയാള്‍ക്ക് പേരും വിലാസവും ഇല്ലേ- സുധാകരന് ചോദിച്ചു. ഞാന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നുവെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി കൊടുത്തില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് എന്തുകൊണ്ടാണ് അമ്മയോടു പോലും പറയാതിരുന്നത്. എന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്ട്രീയ എതിരാളിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും സുധാകരന് പറഞ്ഞു. വിങ്ങിപ്പൊട്ടുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതി വായിക്കേണ്ട കാര്യമുണ്ടോയെന്ന് കെ. സുധാകരന് ചോദിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. ഈ ആരോപണത്തിന് മറുപടിയായാണ് സുധാകരന് ഇങ്ങനെ പ്രതികരിച്ചത്.