കാഞ്ഞങ്ങാട്: സാമൂഹ്യവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ നടപടി കര്‍ശനമാക്കിയതായി പൊലീസ് ചീഫ് ഡോ.വൈഭവ് സക്സേന പത്രസമ്മേളനത്തില്‍ അറിയിച്ചു. ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ആന്റി സോഷ്യല്‍സ് ആന്റ് ഗുണ്ടാസ് (ആഗ്) ഓപ്പറേഷന് നടത്തിയാണ് നടപടി കടുപ്പിച്ചത്. ജില്ലാ പൊലീസ് തയ്യാറാക്കിയ 210 ആളുകളുടെ ലിസ്റ്റില്‍ നിന്നും കോമ്പിങ്ങ് ഓപ്പറേഷനില്‍ 85 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 24 വാറണ്ട് പ്രതികള്‍ നാല് എല്‍.പി.സി വാറണ്ട് പ്രതികള്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി ചീഫ് പറഞ്ഞു. മയക്കുമരുന്നിനെതിരെയും നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 21 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാപ്പ ചുമത്തി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ജില്ലയിലാണെന്ന് അദ്ദേഹം പറഞ്ഞു.
26 കേസുകളില്‍ 24 പേരെ അറസ്റ്റ് ചെയ്യാനായി. ഇവര്‍ ജയിലിലാണെങ്കിലും ഇവരുടെ വീടുകളും ബന്ധങ്ങളും നിരീക്ഷണ വിധേയമാക്കുന്നുണ്ട്. എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തി വരികയാണ്. തെലങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് ജില്ലയിലേക്കെത്തുന്നതെന്നും പൊലീസ് ചീഫ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരും സംബന്ധിച്ചു.