പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്ലാസ്റ്റിക് ഷീറ്റിട്ട വീട്ടിലിരുന്ന് പഠിച്ച് ഒടുവില്‍ റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച രഞ്ജിത്ത് ആര്‍. പാണത്തൂര്‍ നാടിന്റെ അഭിമാനമായി മാറുകയാണ്. ഈ കൊച്ചു വീട്ടിലിരുന്ന് പഠിക്കുമ്പോഴും അത് അഭിമാനമാണെന്ന് പുറം ലോകത്തോട് വിളിച്ചു പറഞ്ഞ രഞ്ജിത്ത് കടന്നുവന്ന വഴി ഏവര്‍ക്കും മാതൃകയാവുകയാണ്. തന്റെ വീടും ചുറ്റുപാടും ചേര്‍ത്ത് രഞ്ജിത്ത് ഫേസ്ബുക്കില്‍ ഇട്ടതോടെ ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. […]

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്ലാസ്റ്റിക് ഷീറ്റിട്ട വീട്ടിലിരുന്ന് പഠിച്ച് ഒടുവില്‍ റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച രഞ്ജിത്ത് ആര്‍. പാണത്തൂര്‍ നാടിന്റെ അഭിമാനമായി മാറുകയാണ്. ഈ കൊച്ചു വീട്ടിലിരുന്ന് പഠിക്കുമ്പോഴും അത് അഭിമാനമാണെന്ന് പുറം ലോകത്തോട് വിളിച്ചു പറഞ്ഞ രഞ്ജിത്ത് കടന്നുവന്ന വഴി ഏവര്‍ക്കും മാതൃകയാവുകയാണ്. തന്റെ വീടും ചുറ്റുപാടും ചേര്‍ത്ത് രഞ്ജിത്ത് ഫേസ്ബുക്കില്‍ ഇട്ടതോടെ ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്‌നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് കുറിക്കുന്നു.
താന്‍ ജനിച്ചു വളര്‍ന്ന കൊച്ചുവീട് പരിചയപ്പെടുത്തിയാണ് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെയാണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്. ഒരു പാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടില്‍ ഒരു ഐ.എം.എം പ്രൊഫസര്‍ ജനിച്ചിരിക്കുന്നു. ഈ വീട് മുതല്‍ ഐ.എം.എം. റാഞ്ചി വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി' എന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ രഞ്ജിത്ത് കുറിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ 1200 ലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
ഹയര്‍ സെക്കണ്ടറിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപാടിന്റെ സമ്മര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതിയതാണ്. എന്തോ ഭാഗ്യം കൊണ്ട് അതേസമയം പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റി ആയി ജോലി കിട്ടി. പകല്‍ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. സെന്റ് പയസ് കോളേജ് എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. കേന്ദ്രസര്‍വകലാശാല കാസര്‍കോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞുതന്നു.അങ്ങനെയാണ് ഐ.ഐ.ടി ചെന്നൈയുടെ വലിയ ലോകത്തെത്തിയത്. പക്ഷേ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി. ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി. പി.എച്ച്.ഡി പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷേ എന്റെ ഗൈഡ് ഡോ. സുഭാഷ് ആ തീരുമാനം തെറ്റാണ് എന്ന് എന്നെ ബോധ്യപ്പെടുത്തി. തോറ്റു പിന്മാറും മുമ്പ് ഒന്ന് പോരാടാന്‍ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നു. പാണത്തൂര്‍ എന്ന മലയോര മേഖലയില്‍ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകും എന്ന് ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലില്‍ (സ്വര്‍ഗത്തില്‍) നിന്ന് അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു. എന്റെ സ്വപ്‌നങ്ങളുടെ ആകെ തുകയായിരുന്നു. ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടി പ്പോയ ഒരുപാട് സ്വപ്‌നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്‌ന സാക്ഷത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷേ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം. പക്ഷേ ആകാശത്തോളം സ്വപ്‌നം കാണുക. ഒരു നാള്‍ ആ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയ തീരാത്തെത്താം- രഞ്ജിത്ത് കുറിക്കുന്നു.
പാണത്തൂര്‍ കേളപ്പങ്കയത്തെ രാമചന്ദ്രന്റെയും ബേബി രാമചന്ദ്രന്റെയും മൂത്തമകനാണ് രഞ്ജിത്ത്. ഇപ്പോള്‍ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്യുകയാണ്. സഹോദരി രഞ്ജിത പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിഎഡ് പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മറ്റൊരു സഹോദരന്‍ രാഹുല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ് കോട്ടയത്ത് ജോലി ചെയ്യുന്നു.

Related Articles
Next Story
Share it