ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ അടി തുടങ്ങി ഇന്ത്യ; ലക്ഷ്യം 305 റണ്‍സ്

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 305 റണ്‍സ്. മത്സരം അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കെ ഇംഗ്ലണ്ട് 304 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റും ജോ റൂട്ടുമാണ് സന്ദര്‍ശകരെ മികച്ച സ്‌കോറിലെത്തിച്ചത്. 41 റണ്‍സ് എടുത്ത ലിവിങ്സ്റ്റണും ഇരുവര്‍ക്കും പിന്തുണ നല്‍കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും പുറത്തായി. 56 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 65 റണ്‍സ് അടിച്ചു കൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.

പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണയാണ് പുറത്താക്കിയത്. പിന്നീട് റൂട്ടും ജോസ് ബട്ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനായി.

അടുത്തതായി ക്രീസിലെത്തിയ ജോ റൂട്ട് 72 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 69 റണ്‍സ് എടുത്ത് പുറത്തായി. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ജാമി ഒവര്‍ട്ടെനും 10 പന്തില്‍ ആറ് റണ്‍സെടുത്ത് ജഡേജയ്ക്ക് വിക്കറ്റ് നല്‍കി ക്രീസ് വിട്ടു.

പിന്നാലെ വന്ന അറ്റ്കിന്‍സണെ മുഹമ്മദ് ഷമിയും പുറത്താക്കി. ഏഴ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു അറ്റ്കിന്‍സന്റെ സംഭാവന. തുടര്‍ന്ന് ക്രീസിലെത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും അധികം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അഞ്ച് പന്തില്‍ മൂന്ന് ഫോറോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണപറഞ്ഞുവിട്ടു. പിന്നാലെ 32 പന്തില്‍ രണ്ട് വീതം ഫോറും സിക്സും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി.

ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സാഖിബ് മഹ്‌മൂദ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ഇംഗ്ലണ്ടിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ് മാന്‍ ഗിലുമാണ് ക്രീസില്‍. നിലവില്‍ ആറ് ഓവറില്‍ 47 റണ്‍സ് എടുത്തിട്ടുണ്ട്. ഇതില്‍ സിക്‌സും, ഫോറുമെല്ലാം ഉള്‍പ്പെടും. നിലവില്‍ ഫൂട്ട് ലൈറ്റിലെ പ്രശ്‌നം കാരണം കളി തടസപ്പെട്ടിരിക്കയാണ്.

Related Articles
Next Story
Share it