ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വിവാഹ മോചിതരായി

ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും വിവാഹ മോചിതരായി. വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബ കോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമിട്ടത്. കഴിഞ്ഞ 18 മാസമായി ചഹലും ധനശ്രീയും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. 2020 ഡിസംബറിലാണ് ചഹലും ധനശ്രീയും വിവാഹിതരായത്.

45 മിനിറ്റോളം നീണ്ട കൗണ്‍സിലിങിന് ശേഷവും ഇരുവരും വേര്‍പിരിയുകയാണെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊരുത്തക്കേടുകളുണ്ടാകുന്നുവെന്നും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നുമാണ് കാരണമായി ഇരുവരും ചൂണ്ടിക്കാട്ടിയത്.

തുടര്‍ന്ന് വൈകുന്നേരം 4.30-ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് വിഷമിച്ചിരിക്കാമെന്നും അതല്ലെങ്കില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച് സമാധാനം കണ്ടെത്താം എന്നുമായിരുന്നു ധനശ്രീയുടെ സ്റ്റോറി.

എപ്പോഴും താന്‍പോലും അറിയാതെ കൂടെ നില്‍ക്കുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞുള്ളതായിരുന്നു ചഹലിന്റെ സ്റ്റോറി. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോയും ചെയ്തിരുന്നു. ധനശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ചഹല്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

Related Articles
Next Story
Share it