വിരാട് കോലിയും ധോണിയും പിന്നില്‍ നിന്ന് കുത്തുന്നവര്‍; വിശ്വസ്തനായ സുഹൃത്ത് സച്ചിന്‍ മാത്രമെന്ന് യോഗ് രാജ് സിങ്

ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് യുവരാജിനെ ഭയമായിരുന്നുവെന്നും പിതാവ്

മുംബൈ: വിരാട് കോലിക്കും എം.എസ്. ധോണിയും പിന്നില്‍നിന്ന് കുത്തുന്നവരാണെന്ന് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ് രാജ് സിങ്. ഇന്‍സൈഡ് സ്‌പോര്‍ട്ട് എന്ന സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എം എസ് ധോണിക്കും കോലിക്കും മറ്റ് സഹതാരങ്ങള്‍ക്കുമെതിരെ യോഗ് രാജ് സിങ് വമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രമാണ് യുവരാജ് സിങ്ങിന്റെ വിശ്വസ്തനായ സുഹൃത്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് യുവരാജിനെ ഭയമായിരുന്നുവെന്നും യുവരാജ് കാരണം സ്വന്തം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്നും യോഗ് രാജ് പറയുന്നു.

'വിജയം, പണം, പ്രതാപം എന്നിവയ്ക്കിടയില്‍ സൗഹൃദത്തിന് ഒരു സ്ഥാനവുമില്ല. അവിടെ എപ്പോഴും പിന്നില്‍ നിന്ന് കുത്തുന്നവരായിരിക്കും ഉണ്ടാകുക. ആളുകള്‍ക്ക് നിങ്ങള്‍ തോല്‍ക്കുന്നത് കാണാനാകും താല്‍പര്യം. ഇന്ത്യന്‍ താരങ്ങള്‍ക്ക് യുവരാജ് സിങ്ങിനെ പേടിയായിരുന്നു. കാരണം യുവരാജ് കാരണം അവരുടെ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ യുവരാജ് സിങ് വലിയൊരു താരമായി മാറി. എം.എസ്. ധോണി ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരുടെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമായിരുന്നു.'- എന്നും അഭിമുഖത്തില്‍ യോഗ് രാജ് സിങ് പറയുന്നു.

ഇതാദ്യമായല്ല എം.എസ്. ധോണിക്കെതിരെ യോഗ് രാജ് സിങ് വിമര്‍ശനമുന്നയിക്കുന്നത്. മകന്റെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ കാരണം ധോണിയാണെന്ന ആരോപണം യോഗ് രാജ് സിങ് പല തവണ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 402 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള യുവരാജ് സിങ്, 17 സെഞ്ചുറികളുള്‍പ്പടെ ആകെ 11,178 റണ്‍സ് നേടിയിട്ടുണ്ട്. 71 അര്‍ദ്ധ സെഞ്ച്വറികളും നേടി. 2002 ചാംപ്യന്‍സ് ട്രോഫി, 2007 ട്വന്റി20 ലോകകപ്പ്, 2011 ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്.

2007 ലെ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. 2011 ലെ ലോകകപ്പില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രകടനത്തിന് 'പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റിന്' അര്‍ഹനായിരുന്നു, ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 362 റണ്‍സ് നേടി, 15 വിക്കറ്റുകള്‍ വീഴ്ത്തി.

Related Articles
Next Story
Share it