'അത് വേദനിപ്പിക്കാറുണ്ട്': ടീമില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കുന്നതിനെ കുറിച്ച് അഭിമന്യു ഈശ്വരന്‍
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെടുത്തിരുന്നെങ്കിലും താരത്തെ ആദ്യ പതിനൊന്നിലേക്ക് പരിഗണിച്ചില്ല

മുംബൈ: ടീമില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ താരം അഭിമന്യു ഈശ്വരന്‍. ഇതാദ്യമായാണ് അഭിമന്യു ഈശ്വരന്‍ ഇതേകുറിച്ച് പ്രതികരിക്കുന്നത്. നിരവധി തവണ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹത്തിന് ഇതുവരെ ടീം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെടുത്തിരുന്നെങ്കിലും താരത്തെ ആദ്യ പതിനൊന്നിലേക്ക് പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലും താരത്തിന് ഇടംകിട്ടിയില്ല. ഇതുസംബന്ധിച്ച് റെവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിമന്യു ഈശ്വരന്റെ പ്രതികരണം. ഇംഗ്ലണ്ട് പര്യടനത്തില്‍ ഈശ്വരന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അഭിമന്യു ഈശ്വരന്റെ പ്രതികരണം:
'അതെ, ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കും. കഠിനമായി പരിശീലിക്കാറുണ്ട്, ടീമിന് വേണ്ടി നല്ല പ്രകടനം നടത്തുക, ടീമിനെ വിജയിപ്പിക്കുക എന്നതാണ് സ്വപ്നം. തന്നെ പിന്തുണയ്ക്കാന്‍ എന്റെ കുടുംബം, സുഹൃത്തുക്കള്‍, പരിശീലകന്‍ എന്നിവര്‍ ഉള്ളതില്‍ എനിക്ക് ഭാഗ്യമുണ്ട്. അവര്‍ എന്നെ ഉറച്ചുനില്‍ക്കാനും പ്രചോദിതനാക്കാനും സഹായിക്കുന്നു. ഇപ്പോള്‍, ഞാന്‍ നല്ലൊരു ഹെഡ്സ്പെയ്സിലാണ്, രഞ്ജി സീസണിനായി കാത്തിരിക്കുകയാണ്,' എന്നും ഈശ്വരന്‍ റെവ് സ്പോര്‍ട്സിനോട് പറഞ്ഞു.
'എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്യുക, നന്നായി പരിശീലിക്കുക. അതെ, ചിലപ്പോള്‍ അത് മോശമായി തോന്നും, പക്ഷേ അത് സ്വാഭാവികമാണ്. മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതാണ് ഏക പരിഹാരം. ഈ സീസണില്‍ ഞാന്‍ രണ്ട് പുതിയ ഷോട്ടുകള്‍ക്കായി പ്രവര്‍ത്തിക്കുന്നു, ഏതൊക്കെയാണെന്ന് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം ചിരിച്ച് കൊണ്ട് പറയുന്നു. അവ നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ബംഗാളിനു വേണ്ടി കളിക്കുമ്പോഴും എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു'വെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി അവഗണിക്കപ്പെട്ടിട്ടും, 30 വയസ്സിലെത്തിയ താന്‍ ഇപ്പോഴും പ്രതീക്ഷകള്‍ കൈവിടുന്നില്ല. സൂര്യകുമാര്‍ യാദവ്, മൈക്കല്‍ ഹസ്സി തുടങ്ങിയ മറ്റ് ഇതിഹാസ താരങ്ങളെ അദ്ദേഹം ഉദാഹരണങ്ങളായി എടുത്തുകാണിക്കുകയും ചെയ്തു.
'ഞാന്‍ മൈക്കല്‍ ഹസ്സിയുടെ വലിയ ആരാധകനാണ്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പുതന്നെ, അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നു. സ്ഥിരോത്സാഹത്തിന് എന്ത് നേടാനാകുമെന്ന് അദ്ദേഹത്തിന്റെ ഈ യാത്ര നമ്മെ കാണിക്കുന്നു. സൂര്യകുമാര്‍ യാദവ് പോലും 30 വയസ്സിന് ശേഷമാണ് ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ടീമിനെ നയിക്കുന്നു - അത് അവിശ്വസനീയമാണ്. അവരെപ്പോലുള്ള കളിക്കാര്‍ മികച്ച ഉദാഹരണങ്ങളാണ്. അതുകൊണ്ട് 'എന്തുകൊണ്ട് എനിക്ക് പാടില്ല' എന്നും അദ്ദേഹം ചോദിക്കുന്നു.
27 സെഞ്ച്വറിയും 29 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ വര്‍ഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 7,600-ലധികം റണ്‍സ് ഈശ്വരന്‍ നേടിയിട്ടുണ്ട്. നിരവധി രഞ്ജി ട്രോഫി സീസണുകളില്‍ ബംഗാളിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനുമാണ്, എന്നിട്ടും ദേശീയ ടീമിലേക്കുള്ള കാത്തിരിപ്പ് തുടരുകയാണ്.